മുംബൈ: ഡോക്ടര്‍ പായല്‍ തഡ്‍വിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സീനിയര്‍ ഡോക്ടര്‍മാര്‍ പായലിനെ നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന് മുംബൈ പൊലീസ്. ജാതി പീഡനത്തെ തുടര്‍ന്ന് മേയ് 22 നാണ് പായല്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. പിന്നാലെ പായലിന്‍റെ സീനിയേര്‍സ് ആയിരുന്ന ഹേമ അഹൂജ, ഭക്തി മെഹ്റ, അങ്കിത ഖണ്ഡേവാള്‍ എന്നിവര്‍ അറസ്റ്റിലായി. മൂന്ന് ഡോക്ടര്‍മാരും പായലിനെ നിരന്തരം അധിക്ഷേപിച്ചിരുന്നെന്നാണ് മുംബൈ പൊലീസിന്‍റെ ഇപ്പോളത്തെ വെളിപ്പെടുത്തല്‍. കൂടാതെ പായലിനെ ജോലി ചെയ്യാന്‍ ഇവര്‍ അനുവദിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.

എന്നാല്‍ തഡ്‍വിയുടെ ജാതിയെക്കുറിച്ച് അറസ്റ്റിലായ ഡോക്ടര്‍മാര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നാണ് ഇവരുടെ അഭിഭാഷകന്‍ ആബാദ് പോണ്ട പറയുന്നത്. പായലും അമ്മയും തമ്മിലുള്ള വാട്ട്സാപ്പ് ചാറ്റ് അതിന് തെളിവാണെന്നും ഇവര്‍ വാദിക്കുന്നു. തന്‍റെ ജാതിയെക്കുറിച്ച് കോളേജിലുള്ള ആര്‍ക്കും അറിവില്ലെന്ന് ത‍ഡ്‍വി വാട്ട്സാപ്പിലൂടെ അമ്മയോട് പറഞ്ഞെന്നാണ് അഭിഭാഷകന്‍ പറയുന്നത് . കൂടാതെ പായലിന്‍റെ അഭിവൃദ്ധിക്കായി സീനിയര്‍ ഡോക്ടര്‍മാര്‍ എന്ന നിലയില്‍ ഇവര്‍ പായലിനെ വിമര്‍ശിച്ചിരുന്നു. ഇത് ചിലപ്പോള്‍ പായലിനെ ബുദ്ധിമുട്ടിച്ചിരിക്കാമെന്നാണ് ആബാദ് പറയുന്നത്.  കുറ്റാരോപിതരായവര്‍ സ്ത്രീകളാണെന്നും ഇവര്‍ക്ക് യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ‍ഡോക്ടര്‍മാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.