ഐസിഡിഎസ് പദ്ധതിക്ക് കീഴിൽ വഡോദര നഗരപരിധിയിലെ അങ്കണവാടികളിലെ കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകാനായി വിതരണം ചെയ്തിരുന്ന പാലിന്റെ കുടിശ്ശിക തുക അടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്

വഡോദര: കോർപ്പറേഷനുമായുള്ള തർക്കം, പാൽ വിതരണം നിർത്തി അമൂൽ. അംഗനവാടികളിൽ പാൽ വിതരണം തടസപ്പെട്ടു. ഗുജറാത്തിലെ വഡോദരയിലാണ് വഡോദര മുനിസിപ്പൽ കോർപ്പറേഷനും അമുൽ ഭരണസമിതിയും തമ്മിലുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് നഗരത്തിലെ അങ്കണവാടികളിലേക്കുള്ള പാൽ വിതരണം തടസ്സപ്പെട്ടത്. ഐസിഡിഎസ് പദ്ധതിക്ക് കീഴിൽ വഡോദര നഗരപരിധിയിലെ അങ്കണവാടികളിലെ കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകാനായി വിതരണം ചെയ്തിരുന്ന പാലിന്റെ കുടിശ്ശിക തുക അടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക വന്നതിനെ തുടർന്ന് അമുൽ പാൽ വിതരണം നിർത്തിവയ്ക്കുകയായിരുന്നു . 400 ഓളം അംഗനവാടികളിലായി 5500 കുട്ടികളാണ് പദ്ധതിയുടെ ഉപഭോക്താക്കൾ. സെപ്തംബർ 17 മുതലാണ് അമൂൽ പാൽ വിതരണം നിർത്തിയത്.

ഇത് നഗരത്തിലെ അങ്കണവാടികളെ ആശ്രയിക്കുന്ന അയ്യായിരത്തിലധികം കുട്ടികളുടെയും വയോജനങ്ങളുടെയും ദിവസേനയുള്ള പോഷകാഹാര ലഭ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഫണ്ട് കൈമാറ്റത്തിലുണ്ടായ സാങ്കേതിക തടസ്സങ്ങളും വഡോദര കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഭരണപരമായ വീഴ്ചകളുമാണ് തുക കൈമാറുന്നതിൽ കാലതാമസം വരുത്തിയതെന്നാണ് ആരോപണം. ഐസിഡിഎസ് ഓഫീസർമാരും വഡോദര മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും വിഷയം എത്രയും വേഗം പരിഹരിക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.കുടിശ്ശിക തുകയിൽ ഒരുഭാഗം അടിയന്തരമായി അനുവദിക്കാമെന്നും വിതരണം പുനരാരംഭിക്കണമെന്നും കോർപ്പറേഷൻ അധികൃതർ ഡയറി മാനേജ്‌മെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം