പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയുടെ ആദ്യ കുടുംബമായ ഗാന്ധികുടുംബത്തെക്കുറിച്ച് തെറ്റായ ധാരണകളാണുള്ളതെന്ന് പി സി ചാക്കോ പറഞ്ഞു 

ദില്ലി: ഗാന്ധി കുടുംബം ഇന്ത്യയിലെ 'ആദ്യ കുടുംബം' ആണെന്നും രാജ്യം അവരോട് കടപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചരിത്രം അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയുടെ ആദ്യ കുടുംബമായ ഗാന്ധികുടുംബത്തെക്കുറിച്ച് തെറ്റായ ധാരണകളാണുള്ളതെന്ന് പി സി ചാക്കോ പറഞ്ഞു. ഇന്ത്യയിലെ ആദ്യ കുടുംബമെന്നാല്‍ യഥാര്‍ത്ഥത്തില്‍ ആദ്യ കുടുംബം തന്നെയാണ്. രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നു. പ്രധാനമന്ത്രി രാജ്യത്തിന്റെ ബഹിരാകാശനേട്ടത്തെക്കുറിച്ച് സംസാരിക്കുന്നു. സത്യമെന്താണെന്നാല്‍ ഇന്ത്യ ഇന്നത്തെ ഇന്ത്യയായതിന് പിന്നിലുള്ളത് പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പദ്ധതികളും നേതൃത്വവുമാണ് എന്നും പി സി ചാക്കോ അവകാശപ്പെട്ടു.

'പ്രധാനമന്ത്രി മോദിക്ക് ഇന്ത്യയുടെ ചരിത്രം അറിയില്ല. ഹരിതവിപ്ലവത്തിലൂടെയും ധവളവിപ്ലവത്തിലൂടെയുമാണ് ഇന്ത്യ സ്വയംപര്യാപ്തമായത്. എല്ലാം സംഭവിച്ചത് നെഹ്‌റുവിന്റെ കാലത്താണ്. നെഹ്‌റുവിന്റെയും ഗാന്ധികുടുംബത്തിന്റെയും സംഭാവനകളെ വിസ്മരിക്കാനാവുന്നതല്ല.' പി സി ചാക്കോ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.