ദില്ലി: ദില്ലി കോണ്‍ഗ്രസിന്‍റെ ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പി സി ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തു നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് മറ്റൊരാളെ ചുമതലയേല്‍പ്പിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാല് വര്‍ഷമായി തുടരുന്ന ചുമതലയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നാണ് പി സി ചാക്കോയുടെ ആവശ്യം. അദ്ദേഹം ചുമതലയേറ്റ ശേഷം ദില്ലിയില്‍ നടന്ന വിവിധ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ടുമാസം മുമ്പ് ഒരു വിഭാഗം നേതാക്കള്‍ ചാക്കോയ്ക്കെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തു, 

ചാക്കോയെ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ദില്ലി പിസിസിയുടെ എന്‍ആര്‍ഐ സെല്‍ ചെയര്‍മാന്‍ രോഹിത്മാന്‍ചന്ദയുടെ നേതൃത്വത്തില്‍ എഐസിസിക്ക് കത്തു നല്‍കിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആംആദ്മി പാര്‍ട്ടിയുമായി സഖ്യമാകാമെന്ന് അവസാന നിമിഷം വരെ ചാക്കോ വാശിപിടിച്ചത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും  ദില്ലി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ഒരാശയവും  ചാക്കോ മുന്‍പോട്ട് വയ്ക്കുന്നില്ലെന്നും എതിര്‍പക്ഷം കത്തില്‍ ആരോപിച്ചിരുന്നു.