മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളും ദേശവിരുദ്ധരും അല്ലെന്ന് ബോംബെ ഹൈക്കോടതി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.

സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ചാല്‍ ആരും ഒറ്റുകാരും രാജ്യദ്രോഹികളുമാകില്ല. അവരെ അങ്ങനെ വിളിക്കാനുമാകില്ല. രാജ്യത്തെ ഓരോ പൗരനും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്.  ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്‍റെയാണ് നിര്‍ണായകമായ പരാമര്‍ശങ്ങള്‍.

മഹാരാഷ്ട്ര സ്വദേശിയായ ഇഫ്തിക്കര്‍ ഷെയ്ഖ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. നേരത്തെ, പ്രതിഷേധത്തിന് അനുമതി നിഷേധിച്ചുകൊണ്ട് ബീഡ് ജില്ലയിലെ മജിലഗാവ് അഡീഷണല്‍  ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

അഹിംസയുടെ പാതയിലൂടെ നടത്തിയ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. രാജ്യത്തെ ഭൂരിഭാഗവും ഇന്നും വിശ്വസിക്കുന്നത് അഹിംസ മാര്‍ഗത്തിലാണ്. ഇപ്പോഴും സമാധാനപരമായ സമരങ്ങളിലൂടെ അവരുടെ പ്രതിഷേധം അറിയിക്കാനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.