സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാൻ സമയം വേണ്ടിവരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കിയത്

ദില്ലി: പെഗാസസ് വിവാദത്തിൽ (pegasus row) സുപ്രീം കോടതി(Supreme Court of India) നിരീക്ഷണത്തിൽ തന്നെ അന്വേഷണം ഉണ്ടായേക്കും. ഉത്തരവ് അടുത്തയാഴ്ചയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മുതിർന്ന അഭിഭാഷകനായ സിയു സിങിനെ അറിയിച്ചു. അന്വേഷണത്തിന് വിദഗ്ദ്ധ സമിതിയെ രൂപീകരിക്കാനാണ് തീരുമാനം. സമിതിയിലെ അംഗങ്ങളെ തീരുമാനിക്കാൻ സമയം വേണ്ടിവരുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കിയത്. പലരെയും സുപ്രീം കോടതി ഇതിനോടകം ബന്ധപ്പെട്ടെന്നും എന്നാൽ അസൗകര്യം വ്യക്തമാക്കി അവർ ഒഴിഞ്ഞുമാറിയെന്നുമാണ് വിവരം.

YouTube video player

പെഗാസസ് വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് നിലപാട് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയതാണെങ്കിലും സുപ്രീം കോടതിക്ക് ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല. പെഗാസസ് ഉപയോഗിച്ചോയെന്ന് സത്യവാങ്മൂലം നല്‍കാനാവില്ലെന്നായിരുന്നു കോടതിക്ക് കേന്ദ്രസർക്കാർ നൽകിയ മറുപടി. കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വെളിപ്പെടുത്താമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ദേശീയ സുരക്ഷയ്ക്കായി ചില നിരീക്ഷണം വേണ്ടിവരുമെന്നും കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചെങ്കിലും കേന്ദ്രം തയ്യാറായിരുന്നില്ല.

നിയമ ലംഘനം നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിലും എതിർപ്പില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാൽ ആ സമിതിയുടെ കാര്യം ആവർത്തിക്കേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ശക്തമായ നിലപാട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona