ബംഗളൂരു: കർണാടക ചിത്രദുർഗയിലെ ബിജെപി എം പി എ നാരായണസ്വാമിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് ആരോപണം.  പട്ടിക ജാതിക്കാരൻ ആയതിനാൽ തുമ്മക്കൂരു ജില്ലയിലെ ഗൊല്ലറഹട്ടി ഗ്രാമത്തിൽ എം പിക്ക് പ്രവേശനം നിഷേധിച്ചെന്നാണ് പരാതി. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. 

ഗൊല്ല സമുദായത്തിന്റെ കേന്ദ്രമായ ഗ്രാമത്തിൽ ആരോഗ്യസംഘത്തോടൊപ്പം എത്തിയപ്പോഴാണ് നാരായണസ്വാമിയെ തടഞ്ഞതെന്നാണ് ആരോപണം. തുടര്‍ന്ന്  ഗ്രാമീണരും എംപിയും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. ഒടുവിൽ നാരായണ സ്വാമി മടങ്ങുകയായിരുന്നു. സംഭവം ഏറെ വിഷമിപ്പിച്ചെന്നും എം പി പ്രതികരിച്ചു. 

അവിടെനിന്ന് മടങ്ങിയ ശേഷം എംപിയെ ഗ്രാമത്തിൽ പ്രവേശിപ്പിക്കാമെന്നറിയിച്ച് ഒരു വിഭാഗം ഗ്രാമീണർ എത്തിയിരുന്നു . എന്നാൽ സംഘർഷം ഉണ്ടാക്കാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് വീണ്ടും അങ്ങോട്ട് പോയില്ലെന്നാണ് എംപി പറയുന്നത്. പിന്നാക്കവിഭാഗക്കാരൻ ആയതുകൊണ്ട്  മുൻ എം എൽ എ തിമ്മരായപ്പയെയും ഗ്രാമത്തിൽ കടക്കാൻ അനുവദിച്ചില്ലെന്നും നാരായണസ്വാമി പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ സംഭവത്തെ അപലപിച്ചു