ചണ്ഡീ​ഗഡ്: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബിജെപി എംപി കിരൺ ഖേർ എവിടെപ്പോയി എന്ന് വിമർശനവുമായി ചണ്ഡീ​ഗഡിലെ കോൺ​ഗ്രസ്. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിസന്ധികളെക്കുറിച്ച് അറിയാനും പരിഹരിക്കാനും എംപി മണ്ഡലത്തിൽ ഉണ്ടാകേണ്ടതാണെന്ന് ചണ്ഡി​ഗഡ് കോൺ​ഗ്രസ് മേധാവി പ്രദീപ് ഛബ്ര പറഞ്ഞു. എന്നാൽ ഒരിടത്തും അവരെ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'കഴിഞ്ഞ കുറച്ച് മാസങ്ങളായി കിരൺ ഖേറിനെ പൊതുഇടങ്ങളിൽ കാണാറേയില്ല. രണ്ടാഴ്ച മുമ്പ് അഡ്മിനിസ്ട്രേഷൻ ഉദ്യോ​ഗസ്ഥരുമായി നടത്തിയ വിർച്വൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തതല്ലാതെ പരസ്യമായി അവർ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല.' ഛബ്ര പറഞ്ഞു. 'ചണ്ഡീ​ഗഡിൽ മഹാമാരി പടർന്നു പിടിക്കുകയാണ്. മുനിസിപ്പൽ കോർപറേഷന് ശമ്പളം നൽകാൻ പോലും പണമില്ല. ജനങ്ങൾ വളരെയധികം പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാത്രമല്ല, അവർക്ക് വളരെയധികം നീരസവുമുണ്ട്. എംപി എവിടെയെന്ന്  അവർ ചോദിക്കുന്നു.' ഛബ്ര കൂട്ടിച്ചേർത്തു. 

'ഇത്തരം പ്രായസകരമായ അവസരങ്ങളിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് എംപിയുടെ പ്രാഥമിക ഉത്തരവാദിത്വമാണ്. പക്ഷേ എംപിയെ കാണാനില്ല.' അതിനാൽ തങ്ങളുടെ പാർട്ടി ഒരു സോഷ്യൽ മീഡിയ ക്യാംപെയിൻ ആരംഭിച്ചിരിക്കുകയാണെന്നും ഛബ്ര പറഞ്ഞു. 5000 കൊവിഡ് കേസുകളാണ് ചണ്ഡീ​ഗഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 59 പേരാണ് മരിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോൺ​ഗ്രസിന്റെ സമാനമായ ആരോപണങ്ങളോട് കിരൺ ഖേർ പ്രതികരിച്ചിരുന്നു. താൻ ന​ഗരത്തിൽ തന്നെയുണ്ടന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നുണ്ടെന്നുമായിരുന്നു കിരൺ ഖേറിന്റെ പ്രതികരണം. 

ആദ്യ ദിനം മുതൽ താൻ ചണ്ഡീ​ഗഡിൽ തന്നെയുണ്ടെന്നും അക്കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും അവർ പറഞ്ഞു. അതാരെയും അറിയിക്കേണ്ട ആവശ്യമില്ല. എല്ലാവരും ലോക്ക്ഡൗണിലാണ്. അതിനർത്ഥം വീടിനുള്ളിൽ തന്നെ തുടരണമെന്ന് തന്നെയാണെന്നും അവർ പറഞ്ഞു.