ലക്നൗ: ദില്ലിയിലെ നിസാമുദ്ദീനില്‍ നടന്ന ജമാഅത്ത തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 4000 പേര്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കി. കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലാത്തിനാല്‍ ഇവരെ വിട്ടയയ്ക്കുമെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചു. കഴിഞ്ഞ മാർച്ചിലാണ് സൗത്ത് ദില്ലിയിൽ തബ്‍ലീ​ഗ് മതസമ്മേളനം നടന്നത്. സമ്മേളനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നിരവധി കൊവിഡ് 19 രോ​ഗബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിവരെയും അവരുമായി നേരിട്ട് ഇടപഴകിയവരെയുമെല്ലാം വിവിധ സംസ്ഥാനങ്ങള്‍ക്ക് കണ്ടെത്തേണ്ടിവന്നു.

ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയവരില്‍ 900 പേര്‍ ദില്ലി സ്വദേശികളും അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും തമിഴ്‌നാട്, തെലങ്കാന സ്വദേശികളുമാണ്. ക്വാറന്റൈന്‍  പൂര്‍ത്തിയാക്കിയവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയയ്ക്കുന്ന കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ റസിഡന്റ് കമ്മീഷണര്‍മാരുമായി ദില്ലി സര്‍ക്കാര്‍ ബന്ധപ്പെട്ടു വരികയാണെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ അക്കാര്യം മറച്ചുവച്ച് രാജ്യം വിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം അധികൃതരെ അറിയിക്കാതിരുന്നതിന്റെ പേരില്‍ എട്ടു പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി ഉത്തരാഖണ്ഡ് ഡിജിപി വ്യക്തമാക്കിയിരുന്നു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍  ലംഘിച്ച് സമ്മേളനം സംഘടിപ്പിച്ചുവെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നേരിടുന്നവരെ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയാലും വിട്ടയയ്ക്കില്ലെന്നും അവരെ പോലീസിന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.