മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഛത്രപതി ശിവജിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയലിന്റെ പുസ്തകത്തിനെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മേദിയെ ശിവാജിയുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടോ എന്ന് അദ്ദേഹത്തിന്റെ പിൻ​ഗാമികൾ വ്യക്തമാക്കണമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.'ആജ് കെ ശിവാജി: നരേന്ദ്ര മോദി' എന്ന പുസ്തകത്തിനെതിരെയാണ് റാവത്ത് രംഗത്തെത്തിയിരിക്കുന്നത്.

“മോദിയെ ഛത്രപതി ശിവജിയുമായി താരതമ്യം ചെയ്യുന്നത് ഇഷ്ടപ്പെടുന്നുണ്ടോയെന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ വ്യക്തമാക്കണം. അവര്‍ ബിജെപി വിടണം“സഞ്ജയ് റാവത്ത് പറഞ്ഞു.  എത്രയും പെട്ടെന്ന് പുസ്തകം നിരോധിക്കണമെന്ന് ബിജെപി രാജ്യസഭാ എംപി സാംബാജി രാജെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സഞ്ജയ് റാവത്ത് രം​ഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന് നേതൃത്വം നൽകുന്ന കേൺ​ഗ്രസും എൻസിപിയും ശിവസേനയും പുസ്തകത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം, മോദിയെ ശിവജിയുമായി താരതമ്യം ചെയ്യുന്ന പുസ്തകം ഒരു വിഭാ​ഗം ജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് വക്താവ് അതുൽ ലോന്ധെ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകി.