Asianet News MalayalamAsianet News Malayalam

PepsiCo : ലെയ്സ് ഉണ്ടാക്കാനുള്ള പ്രത്യേക ഉരുളക്കിഴങ്ങിനുള്ള പേറ്റന്‍റ് പെപ്സികോയ്ക്ക് നഷ്ടമായി; കര്‍ഷക ജയം

പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷകര്‍ സമരത്തിലായിരുന്നു. എഫ്സി 5 എന്ന ഇനത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് പെപ്സികോ 2019ല്‍ ഗുജറാത്തിലെ ഏതാനും കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. 

PepsiCo lose patent for  Lays Chips  FC5 Potato Variety
Author
Vadodara, First Published Dec 4, 2021, 1:03 PM IST

ലെയ്സ് ചിപ്സ് ( Lay's Chips) ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്‍റ്  (Patent) പെപ്സികോയ്ക്ക് (PepsiCo) നല്‍കിയ നടപടി റദ്ദാക്കി. പേറ്റന്‍റ് ബഹുരാഷ്ട്ര കുത്തകയായി പെപ്സികോയ്ക്ക് നല്‍കിയതിനെതിരായ കര്‍ഷക പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ്  വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റിയുടേതാണ് തീരുമാനം. പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷകര്‍ സമരത്തിലായിരുന്നു. എഫ്സി 5 ( FC5 Potato Variety ) എന്ന ഇനത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് പെപ്സികോ 2019ല്‍ ഗുജറാത്തിലെ ഏതാനും കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

ജലാംശത്തിന്‍റെ അളവ് കുറവുള്ളതാണ് ഈ ഇനം ഉരുളക്കിഴങ്ങിന്‍റെ പ്രത്യേകത. ഗുജറാത്തിലെ കര്‍ഷകര്‍ക്കെതിരായ പരാതി 2019ല്‍ തന്നെ ന്യൂയോര്‍ക്ക് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെപ്സികോ പിന്‍വലിച്ചിരുന്നു. 4.02 കോടി രൂപയാണ് കര്‍ഷകരോട് നഷ്ടപരിഹാരമായി പെപ്സികോ ആവശ്യപ്പെട്ടത്. പരാതിക്ക് പിന്നാലെ ഈയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വിൽപ്പന നടത്തുന്നതും അഹമ്മദാബാദിലെ പ്രത്യേക കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാല്‍ സൌഹൃദപരമായി പ്രശ്നം പരിഹരിക്കണമെന്ന് വ്യക്തമാക്കി കേസ് കമ്പനി പിന്‍വലിച്ചിരുന്നു.  ഇതിന് പിന്നാലെയാണ് കര്‍ഷക അവകാശ പ്രവര്‍ത്തകയായ കവിത കുറഗന്‍റി  പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ്  വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റിയെ സമീപിച്ചത്. എഫ്സി5  ഉരുളക്കിഴങ്ങ് വകഭേദത്തിന്‍റെ പേറ്റന്‍റ്  പെപ്സികോയ്ക്ക് നല്‍കിയതിനെതിരെയായിരുന്നു ഇത്. വിത്തിനങ്ങളില്‍ പേറ്റന്‍റ് അനുവദിക്കില്ലെന്ന സര്‌‍ക്കാര്‍ നിയമത്തെ മുന്‍നിര്‍ത്തിയായിരുന്നു കവിത കേസ് നല്‍കിയത്.

കവിതയുടെ വാദഗതികള്‍ ശരിവച്ച  പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ്  വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റി പെപ്സികോയ്ക്ക് വിത്തിനങ്ങളുടെ മേല്‍ പേറ്റന്‍റ് അവകാശപ്പെടാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. പേറ്റന്‍റ് അനുമതി ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ റദ്ദാക്കുന്നതായും  പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ്  വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റി വ്യക്തമാക്കി.  പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ്  വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റിയുടെ നടപടിയേക്കുറിച്ച് അറിഞ്ഞതായും തീരുമാനത്തേക്കുറിച്ച് പഠിക്കുകയാണെന്നും പെപ്സികോ വിശദമാക്കി. 2016ല്‍ പ്രത്യേക ഇനമായി എഫ്സി 5 രൂപപ്പെടുത്തിയതെന്നായിരുന്നു പെപ്സികോയുടെ അവകാശവാദം.

1989ലാണ് പെപ്സികോ ഇന്ത്യയിലെ ആദ്യത്തെ ഉരുളക്കിഴങ്ങ് ചിപ്സ് പ്ലാന്‍റ് ആരംഭിച്ചത്. പെപ്സികോയ്ക്ക് മാത്രം ഒരു നിശ്ചിത വിലയില്‍ ഉരുളക്കിഴങ്ങ് നല്‍കുന്ന വിഭാഗം കര്‍ഷകര്‍ക്ക് മാത്രമായിരുന്നു എഫ്സി 5ന്‍റെ വിത്തുകള്‍ നല്‍കിയിരുന്നത്.  പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ്  വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റിയുടെ തീരുമാനം കര്‍ഷകരുടെ വിജയമെന്നാണ് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ പറയുന്നത്. ഏത് വിളകള്‍ ഉല്‍പാദിപ്പിക്കാനുള്ള അവകാശം നല്‍കുന്നതാണ് തീരുമാനമെന്നും കര്‍ഷകര്‍ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios