Asianet News MalayalamAsianet News Malayalam

പ്രതിഷേധത്തിന് മുന്നില്‍ തോറ്റു; ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പെപ്സികോ പിന്‍വലിച്ചു

കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പെപ്സികോ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു

pepsico withdraw case against potato farmers
Author
New Delhi, First Published May 2, 2019, 7:17 PM IST

ദില്ലി: ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് പ്രതിഷേധത്തെ തുടര്‍ന്ന് പെപ്സികോ പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയാണെന്ന് പെപ്സികോ വക്താവ് അറിയിച്ചു.

പേറ്റന്‍റ് ലംഘിച്ച് 'ലെയ്സ്' നിര്‍മിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കര്‍ഷകര്‍ക്കെതിരെ പെപ്സികോ നിയമനടപടി സ്വീകരിച്ചത്. ഈ ഇനം കര്‍ഷകര്‍ കൃഷി ചെയ്യരുതെന്നും ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്.എഫ് സി5 എന്ന ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരെ കേസെടുത്തത്. ലെയ്സ് ചിപ്സ് നിര്‍മിക്കാന്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത പ്രത്യേക ഉരുളക്കിഴങ്ങായിരുന്നുവെന്നാണ് പെപ്സികോ വാദം. 

കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പെപ്സികോ കമ്പനിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.  ലെയ്സും പെപ്സികോയുടെ മറ്റ് ഉല്‍പന്നങ്ങളും ബഹിഷ്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാമ്പയിന്‍ നടന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്സികോ തയാറായത്. 

സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർ ഒരു കോടിയിലേറെ രൂപ വീതം നഷ്ടപരിഹാരം വേണം എന്നാവശ്യപ്പെട്ടാണ് ഏപ്രിലില്‍  പെപ്സികോ കേസ് നൽകിയത്. 2001ലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍റ് ഫാർമേഴ്സ് റൈറ്റ് ആക്ട് പ്രകാരം FL2027 എന്നയിനം ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ പെപ്സികോ കമ്പനിക്ക് മാത്രമേ അവകാശമുള്ളൂ എന്ന് കാണിച്ചാണ് നിയമനടപടി. ബസൻകാന്ത, ആരവല്ലി, സബർകാന്ത ജില്ലകളിലെ ചെറുകിട കർഷകർക്കെതിരെയാണ് കമ്പനി കേസ് നൽകിയിരിക്കുന്നത്. വെള്ളിയാഴ്ച മൊദാസ ജില്ലാ കോടതിയിൽ കേസിന്‍മേൽ വാദം കേൾക്കാനിരിക്കെയാണ് കർഷകർ പൊതുസമൂഹത്തിന്‍റെ പിന്തുണ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

വിപണിയിൽ കിട്ടിയ വിത്തുപയോഗിച്ചാണ് കർഷകർ ഉരുളക്കിഴങ്ങ് കൃഷി ചെയ്തത്. പ്രശ്നത്തിൽ അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടിരുന്നു. പൗരാവകാശ സംഘടനകളും ആക്ടിവിസ്റ്റുകളും കർഷകരുടെ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. 194 സാമൂഹ്യപ്രവർത്തകർ സർക്കാർ ഇടപെടൽ ഉണ്ടാകണം എന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയച്ചു.

പ്ലാന്‍റ് വെറൈറ്റി പ്രൊട്ടക്ഷൻ റൈറ്റിൽ നിന്ന് കർഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നും കാർഷികോത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിൽക്കാത്തിടത്തോളം ഏത് വിളകളും കൃഷി ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെന്നുമാണ് ആക്ടിവിസ്റ്റുകളുടെ വാദം. 

Follow Us:
Download App:
  • android
  • ios