പേരാമ്പ്രയിൽ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‍ലിയക്ക് സമുദായത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസർ നോട്ടീസ് അയച്ചു. എൽഡിഎഫ് സ്ഥാനാർഥി ടി.പി. രാമകൃഷ്ണനെതിരെ വർഗീയ പ്രചാരണം നടന്നെന്ന പരാതിക്ക് പിന്നാലെയാണിത്. സ്ഥാനാർത്ഥിയുടെ വിശദീകരണം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും
കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിയമയുദ്ധവും ശക്തമാകുന്നു. വർഗീയ അനൗൺസ്മെന്‍റുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർഥി ടി പി രാമകൃഷ്ണനെതിരായ പരാതിക്ക് പിന്നാലെ യു ഡി എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കും കുരുക്ക്. തെഹ്ലിയ സമുദായത്തിന്റെ പേരിൽ വോട്ടഭ്യർഥിച്ചെന്ന പരാതിയിൽ റിട്ടേണിംഗ് ഓഫീസർ ( ആർ ഒ ) നോട്ടീസ് അയച്ചു. സമാന സ്വഭാവമുള്ള മൂന്ന് പരാതികളാണ് സ്ഥാനാർത്ഥിക്കെതിരെ ലഭിച്ചിരിക്കുന്നത്. മൂന്ന് വ്യക്തികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിശദീകരണം ആവശ്യപ്പെട്ട് ആർ ഒ നടപടി സ്വീകരിച്ചത്. ഇന്നലെ ലഭിച്ച പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് തെഹ്ലിയക്ക് നോട്ടീസ് ഇഷ്യൂ ചെയ്തതെന്ന് ആർ ഒ വ്യക്തമാക്കി. മണ്ഡലത്തിൽ എൽ ഡി എഫ് പ്രവർത്തകർക്കെതിരായ വർഗീയ അനൗൺസ്‌മെന്റ് വിവാദം പുകയുന്നതിനിടെയാണ് യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെയും സമാനമായ പരാതി രേഖമൂലം റിട്ടേണിംഗ് ഓഫീസർക്ക് ലഭിച്ചത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥാനാർത്ഥിയുടെ വിശദീകരണം ലഭിച്ച ശേഷമാകും തുടർ നടപടികൾ.
ചോദ്യങ്ങളോട് ക്ഷുഭിതനായി ടിപി രാമകൃഷ്ണൻ
അതേസമയം പേരാമ്പ്രയിലെ വിവാദമായ അനൗൺസ്മെന്റുമായി ബന്ധപ്പെട്ട് ഒരു നോട്ടീസും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനറും സ്ഥാനാർഥിയുമായ ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പേരാമ്പ്രയിൽ നടന്ന എൽ ഡി എഫ് പ്രകടന പത്രിക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നതോടെ അദ്ദേഹം ക്ഷുഭിതനാവുകയും ഞങ്ങളുടെ മേൽ കുറ്റം ചാർത്താൻ എന്തിനാണ് ഇത്ര ധൃതിയെന്ന് ചോദിക്കുകയും ചെയ്തു. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പേരാമ്പ്രയിൽ അത് തകർക്കാൻ ബോധപൂർവമായ പ്രചാരണങ്ങൾ നടക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിവാദമായ തരത്തിലുള്ള അനൗൺസ്മെന്റ് എൽ ഡി എഫ് നടത്തിയിട്ടില്ലെന്നും പ്രചാരണം നടത്തുന്നവർ അതിന് തെളിവ് നൽകട്ടെയെന്നും ടി പി ആവശ്യപ്പെട്ടു. എൽ ഡി എഫിന്റെ ഔദ്യോഗിക പ്രചാരണ വാഹനങ്ങളിൽ ഉപയോഗിക്കുന്ന അനൗൺസ്മെന്റുകളുടെ റെക്കോർഡുകൾ അടങ്ങിയ പെൻഡ്രൈവ് പരിശോധനയ്ക്കായി നൽകാൻ തയ്യാറാണ്. ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കട്ടെ എന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പേരാമ്പ്രയിലെ സമാധാനാന്തരീക്ഷം തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുകയാണെന്നും ടി പി ആരോപിച്ചു.
