നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ് എന്ന പേരിൽ പുറത്തിറക്കുന്നത്.

ദില്ലി:കൊവിഡ് (covid)പ്രതിരോധത്തിന് ഒരു വാക്സീൻ (vaccine)കൂടി. സീറം ഇൻസ്റ്റിറ്റ്യൂട്ട് (serum institute)പുറത്തിറക്കുന്ന കോവോവാക്‌സിന് (covovaxine)അടിയന്തര ഉപയോഗ അനുമതി ലഭിച്ചു. 12വയസിനും 18വയസിനും ഇടയിലുള്ളവരിൽ കുത്തിവെക്കാൻ ആണ് അനുമതി. അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സീൻ ആണിത്.നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ് എന്ന പേരിൽ പുറത്തിറക്കുന്നത്.

രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷൻ ; നൽകുന്നത് കോർബിവാക്സ്

ദില്ലി: രാജ്യത്ത് 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വാക്‌സീൻ നൽകി തുടങ്ങി. ബയോ ഇ പുറത്തിറക്കുന്ന കോർബിവാക്‌സാണ് ഇവർക്ക് കുത്തിവെക്കുന്നത്. 28 ദിവസത്തെ ഇടവേളയിൽ 2 ഡോസുകളായി ആകും വാക്സിൻ നൽകുക. ഏകദേശം ആറു കോടി കുട്ടികളാണ് ഇതോടെ വാക്സിന് അർഹരായത്. ഇവർക്കായി പ്രത്യേക വാക്സീൻ കേന്ദ്രങ്ങൾ പ്രവേർത്തിക്കും. ജനുവരി മൂന്നിനാണ് കൗമാരക്കാരിലെ വാക്സിനേഷൻ തുടങ്ങിയത്. 

അതേ സമയം 12നും 14നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഇന്ന് സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തിൽ മാത്രമായിരിക്കും നടക്കുക. കേന്ദ്രത്തിൽ നിന്ന് കൃത്യമായ മാർഗനിർദേശം വരാത്തതും, കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ശരിയാവാത്തതും കണക്കിലെടുത്താണ് തീരുമാനം. കുട്ടികളിലെ ബോധവൽക്കരണവും പൂർത്തിയായിട്ടില്ലെന്നത് കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ തീരുമാനം. വാക്സീൻ നൽകാനുള്ള പരിശീലനവും പൂർത്തിയായിട്ടില്ല. ദേശീയതലത്തിൽ വാക്സിനേഷൻ പ്രഖ്യാപിച്ചതിനാൽ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വാക്സിനേഷൻ പേരിന് തുടങ്ങിവെക്കുക മാത്രമാകും ചെയ്യുക. പരീക്ഷാ കാലമായതിനാൽ വെക്കേഷൻ കൂടി നോക്കിയ ശേഷമാകും ബാക്കി നടപടികൾ. അതേസമയം 60 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോഡും നൽകി തുടങ്ങി

നിലവിൽ 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരുന്നു രാജ്യത്ത് വാക്‌സിൻ നൽകിയിരുന്നത്. സ്കൂളുകൾ പഴയത് പോലെ തുറന്നതോടെ കൂടുതൽ കുട്ടികൾക്ക് വാക്സീൻ നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കൊർബവാക്സ് ഉൾപ്പടെ മൂന്ന് വാക്സീനുകൾക്കാണ് നിലവിൽ 12 വയസ്സിന് മുകളിലുള്ളവരിൽ കുത്തിവെക്കാൻ അനുമതിയുള്ളത്. സൈക്കോവ് ഡി, കൊവാക്സീൻ എന്നിവയാണ് മറ്റ് രണ്ട് വാക്സീനുകൾ. ജനുവരി മൂന്നിനാണ് രാജ്യത്ത് പതിനഞ്ച് വയസ്സിന് മുകളിലുള്ളവരിൽ വാക്സിനേഷൻ തുടങ്ങിയത്. ഈ വിഭാഗത്തിലെ അർഹരായ മുഴുവൻ പേരും ആദ്യ ഡോസ് സ്വീകരിച്ചു. പകുതി പേർ വാക്സീനേഷൻ പൂർത്തിയാക്കി. ഇതോടെയാണ് 12 വയസിന് മുകളിലുള്ളവർക്കും വാക്സീൻ നൽകാൻ തീരുമാനിച്ചത്.

മുതിർന്ന പൗരന്മാർക്ക് കരുതൽ എന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മറ്റ് അസുഖങ്ങൾ ഉള്ള മുതിർന്ന പൗരന്മാർക്ക് മാത്രമാണ് ഇതുവരെ കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കി അറുപത് വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സീൻ നൽകാനാണ് തീരുമാനം. രണ്ട് കോടി പേരാണ് രാജ്യത്ത് ഇതുവരെ കരുതൽ ഡോസ് സ്വീകരിച്ചത്.

നിലവില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് നീലയും 15 മുതല്‍ 17 വയസുവരെയുള്ളവരുടെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ ബോര്‍ഡ് പിങ്കുമാണ്. 

കൊവിഷീൽഡിൻറെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു

ദില്ലി: സീറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കൊവിഷീൽഡ് വാക്സിന്റെ (Covishield) രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കുറച്ചു. ആദ്യ ഡോസ് സ്വീകരിച്ച് 8 മുതൽ 16 ആഴ്ച്ചയ്ക്കുള്ളിൽ അടുത്ത ഡോസ് സ്വീകരിക്കാം. 

നേരത്തെ ഇത് 12 മുതൽ 16 വരെയായിരുന്നു. വാക്സിനേഷനുള്ള സാങ്കേതിക ഉപദേശക സമിതിയുടേതാണ് നിർദേശം. എന്നാൽ ഭാരത് ബയോടെക്കിൻറെ കൊവാക്സീൻറെ (Covaxin) ഡോസുകൾ തമ്മിലെ ഇടവേളയിൽ മാറ്റമില്ല.