ഷോർട്ട് സെല്ലിംഗ് ക്രിമിനൽ കുറ്റമാക്കണമെന്നാണ് ഹർജിയിൽ ആവശ്യം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. 

ദില്ലി: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ എം എല്‍ ശര്‍മ്മയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ആൻഡേഴ്‌സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്‍റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഷോർട്ട് സെല്ലിംഗ് ക്രിമിനൽ കുറ്റമാക്കണമെന്നും ഹർജിയിൽ പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു.

YouTube video player

അതേസമയം പൊതുമേഖല സ്ഥാപനങ്ങളുടെ അദാനി കമ്പനിയിലെ നിക്ഷേപത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടി വി സോമനാഥൻ പ്രതികരിച്ചു. എസ്എബിഐ , എല്‍ഐസി എന്നീ പൊതുമേഖല കമ്പനികളുടെ നിലനിൽപ്പ് ഏതെങ്കിലും ഒരു കമ്പനിയുടെ പ്രകടനത്തെ ആശ്രയിച്ച് അല്ലെന്നും ധനകാര്യ സെക്രട്ടറി ഒരു ടി വി ചാനിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് ആദ്യമായാണ് അദാനി വിവാദത്തില്‍ കേന്ദ്രസർക്കാര്‍ പ്രതിനിധികള്‍ പ്രതികരിക്കുന്നത്.