Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സീനെടുത്തവരുടെ മരണം: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസയച്ച് സുപ്രീംകോടതി

എന്നാൽ വാക്സീൻ സ്വീകരിച്ച ശേഷമുണ്ടായ എല്ലാ മരണങ്ങളുടേയും ഹേതു വാക്സീനായിരിക്കാമെന്ന് ഈ ഘട്ടത്തിൽ സംശയിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

Petition filed in the Supreme Court seeking an inquiry into the deaths of those vaccinated
Author
Delhi, First Published Nov 26, 2021, 1:02 PM IST

ദില്ലി:  കൊവിഡ് പ്രതിരോധ വാക്സീൻ (Covid vaccine) സ്വീകരിച്ച നിരവധി പേർ മരണപ്പെട്ടെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വാക്സീൻ സ്വീകരിച്ച 900-ത്തോളം പേർ മരിച്ചെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാവുന്നതെന്നും ഇതേക്കുറിച്ച് ശാസ്ത്രീയമായ പഠനവും അന്വേഷണവും വേണമെന്നും ഹർജിക്കാരൻ സുപ്രീംകോടതിയിൽ (supreme court) ആവശ്യപ്പെട്ടു. വാക്സീനേഷൻ വ്യാപകമായതോടെ ഇത്തരം മരണങ്ങൾ കൂടി വരികയാണെന്നും ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.

എന്നാൽ വാക്സീൻ സ്വീകരിച്ച ശേഷമുണ്ടായ എല്ലാ മരണങ്ങളുടേയും ഹേതു വാക്സീനായിരിക്കാമെന്ന് ഈ ഘട്ടത്തിൽ സംശയിക്കാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ലോകാരോഗ്യസംഘടനയുടേതടക്കം വിവിധ ഏജൻസികളുടെ അംഗീകാരം വാക്സീനുകൾക്കുണ്ട്. രാജ്യത്ത് വാക്സീനേഷൻ പുരോഗമിക്കുന്ന ഈ ഘട്ടത്തിൽ വാക്സീനെതിരെ സംശയമുണ്ടാക്കാൻ കോടതി ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എങ്കിലും കേസ് ഫയലിൽ സ്വീകരിച്ച കോടതി ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് അറിയിച്ചു. കൊവിഡ് മൂലം തകർന്ന കുടുംബങ്ങളുടെ പുനരധിവാസത്തിന് പദ്ധതി വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മറ്റൊരു ഹർജിയും ഇന്ന് സുപ്രീംകോടതിയിൽ എത്തി. ഈ ഹർജിയും ഫയലിൽ സ്വീകരിച്ച കോടതി വിഷയത്തിൽ  കേന്ദ്രസർക്കാരിന് നോട്ടീസയച്ചു. 

അതേസമയം കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 133 കോടിയിലധികം (1,33,44,55,000) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 22.70 കോടിയിൽ അധികം (22,70,43,626) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി. വാക്സീൻ ക്ഷാമം തീർന്നതോടെ വാക്സീൻ നിർമ്മാതാക്കൾക്ക് കയറ്റുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios