ദില്ലി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജമ്മു കശ്മീരിലെ കാ‍ർ​ഗിലിൽ നിന്നും ഇറാനിലേക്ക് പോയ ഷിയ തീർത്ഥാടകരെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി ലഭിച്ചിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. 

‌850 പേരടങ്ങിയ ഷിയ തീർത്ഥാടകസംഘമാണ് കാർ​ഗിലിൽ നിന്നും ഇറാനിലേക്ക് തീർത്ഥാടനത്തിനായി പോയത്. പിന്നീട് കൊവിഡ് ബാധയെ തുടർന്ന് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവർ തിരിച്ചു വരാനാവാതെ കുടുങ്ങുകയായിരുന്നു. ഷിയാ തീർത്ഥാടകർ അടക്കം ഇറാനിൽ കുടുങ്ങിയ 276 ഇന്ത്യക്കാർക്ക് കൊവിഡ് രോ​ഗബാധ സ്ഥിരീകരിച്ചതായി നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.