ലഡാക്ക് സംഘർഷത്തിന് പിന്നാലെ സമര നേതാവ് സോനം വാങ്ചുക്കിനെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷൻ ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നൽകി.  

ദില്ലി : സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം. ഓൾ ലഡാക്ക് സ്സുഡൻസ് അസോസിയേഷനാണ് നിവേദനം നൽകിയത്. ലഡാക്കിൽ സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശം നൽകണമെന്നാണ് നിവേദനത്തിലെ ആവശ്യം. 

നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിയെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷാ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചു. അറബ് വസന്തവും, നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ ശ്രമിച്ചു. സ്റ്റുഡന്‍റ് എജ്യുക്കേഷന്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് എന്ന സ്വന്തം എൻ ജി ഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍ തോതില്‍ പണം കൈപ്പറ്റി, പാകിസ്ഥാന്‍ സന്ദര്‍ശിച്ചു, എന്നിവയാണ് സോനം വാങ് ചുക്കിനെതിരെ ചുമത്തിയ കുറ്റങ്ങൾ.

അതേ സമയം, സോനം വാങ്ചുക്കിന്റെ അറസ്റ്റ് അന്യായമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭാര്യ ഗീതാഞ്ജലി അംഗ്മോ വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടിട്ടും അറസ്റ്റ് ഉത്തരവ് ഇതുവരെ കുടുംബത്തിന് നൽകിയിട്ടില്ലെന്നും, ജയിലിൽ പോയി അദ്ദേഹത്തെ കാണാൻ പോലും അനുമതി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. അറസ്റ്റ് തീർത്തും അന്യായവും ജനാധിപത്യവിരുദ്ധവുമാണ്. അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും ഗീതാഞ്ജലി ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

YouTube video player