സോനം വാങ്ചുക്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്

ദില്ലി: നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മാഗ്സസെ പുരസ്ക്കാര ജേതാവ് കൂടിയായ സമര നേതാവ് സോനം വാങ് ചുക്കിയെ മാറ്റിയത് രാജസ്ഥാനിലെ ജോധ്പൂരിലേക്കെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് ജോധ്പൂർ ജയിലിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. അതേസമയം ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ഇന്ന് ആഭ്യന്തര മന്ത്രാലയം ചര്‍ച്ച നടത്തും. ലഡാക്ക് അപക്സ് ബോഡി, കാര്‍ഗില്‍ ഡമോക്രാറ്റിക് അലയന്‍സ് എന്നീ സംഘനകളുടെ ആറ് പ്രതിനിധികളാണ് ചര്‍ച്ചക്കായി ദില്ലിയിലെത്തിയിരിക്കുന്നത്. സംസ്ഥാന പദവി, സ്വയംഭരണാവകാശം തുടങ്ങിയ വിഷയങ്ങളടക്കം ചർച്ചയിൽ ഉയരുമെന്നാണ് വ്യക്തമാകുന്നത്. സോനം വാങ്ചുക്കിയുടെ അറസ്റ്റിന് പിന്നാലെയാണ് ലഡാക്കില്‍ പ്രതിഷേധിച്ച സംഘടനകളുടെ പ്രതിനിധികളുമായി ആഭ്യന്തര മന്ത്രാലയം ചർച്ച നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തിൽ സോനം വാങ്ചുക്കിയുമായി ചര്‍ച്ചക്ക് സര്‍ക്കാര്‍ താല്‍പര്യപ്പെട്ടിരുന്നില്ലെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

സോനം വാങ് ചുക്കി അറസ്റ്റില്‍, ഗുരുതര കുറ്റങ്ങൾ ചുമത്തി

നാല് പേര്‍ കൊല്ലപ്പെട്ട ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് സമര നേതാവ് സോനം വാങ് ചുക്കിയെ അറസ്റ്റ് ചെയ്തത്. ദേശസുരക്ഷ നിയമ പ്രകാരമുള്ള അറസ്റ്റില്‍ കലാപത്തിലേക്ക് ജനങ്ങളെ പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രസംഗങ്ങളിലൂടെ ജനങ്ങളെ കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചു. അറബ് വസന്തവും, നേപ്പാള്‍ കലാപവുമൊക്കെ പരാമര്‍ശിച്ച് യുവാക്കളെ കലാപകാരികളാക്കാന്‍ ശ്രമിച്ചു. സ്റ്റുഡന്‍റ് എജ്യുക്കേഷന്‍ ആന്‍റ് കള്‍ച്ചറല്‍ മൂവ്മെന്‍റ് എന്ന സ്വന്തം എൻ ജി ഒ വഴി വിദേശ സംഭാവന ചട്ടം ലംഘിച്ച് വന്‍ തോതില്‍ പണം കൈപ്പറ്റി, പാകിസ്ഥാന്‍ സന്ദര്‍ശിച്ചു, ലഡാക്കിലെ സംഘര്‍ഷത്തിന് പിന്നാലെ മാഗ്സസെ പുരസ്ക്കാര ജേതാവ് കൂടിയായ സമര നേതാവ് സോനം വാങ് ചുക്കിനെതിരെ ചുമത്തിയ കുറ്റങ്ങളിതൊക്കെയാണ്. വെള്ളിയാഴ്ച രണ്ട് മണിക്ക് മാധ്യമങ്ങളെ കാണാനിരിക്കേയാണ് ലഡാക്ക് ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘം സോനം വാങ് ചുക്കിനെ കസ്റ്റഡിയിലെടുത്തത്. ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാണ് രാജസ്ഥാനിലെ ജോധ്പൂരിലേക്ക് മാറ്റിയത്.

സോനം വാങ്ചുക്കിന്‍റെ അറസ്റ്റിൽ കോൺഗ്രസിന് പ്രതിഷേധം

അറസ്റ്റുണ്ടായാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വാങ് ചുക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശ സംഭാവന ചട്ടം ലംഘിച്ചതിന്‍റെ പേരില്‍ സോനം വാങ്ചുക്കിന്‍റെ സ്ഥാപനത്തിന്‍റെ എഫ് സി ആര്‍ ഐ ലൈസന്‍സ് റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. എന്നാല്‍ വിദേശത്ത് നിന്ന് സംഭാവനകളൊന്നും സ്വീകരിച്ചിട്ടില്ലെന്നും, താന്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണ് കൈപ്പറ്റിയതെന്നും, ആദായ നികുതി അടച്ചിരുന്നുവെന്നും സോനം വാങ് ചുക്ക് പ്രതികരിച്ചിരുന്നു. സോനം വാങ് ചുക്കിന്‍റെ അറസ്റ്റില്‍ കോണ്‍ഗ്രസ് പ്രതിഷേധമറിയിച്ചിട്ടുണ്ട്.