Asianet News MalayalamAsianet News Malayalam

അപേക്ഷയിൽ സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്ന് വിളിച്ചു, ഹര്‍ജിക്കാരന് ഷോ കോസ് നോട്ടീസ് അയക്കാൻ നിർദേശം

ഹര്‍ജി അടിയന്തരമായി കേള്‍ക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ച പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്.

Petitioner calls Supreme Court judge a terrorist in plea Direction to issue show cause notice
Author
First Published Nov 25, 2022, 9:01 PM IST

ദില്ലി: ഹര്‍ജി അടിയന്തരമായി കേള്‍ക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്നു വിശേഷിപ്പിച്ച പരാതിക്കാരനെതിരെ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്. ക്രിമിനല്‍ നടപടി എടുക്കാതിരിക്കാന്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജിക്കാരന് നോട്ടീസ് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിക്കു നിര്‍ദേശം നല്‍കുകയും ചെയ്തു. 

നോട്ടീസിന് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം. കേസ് വാദിക്കാന്‍ എത്തിയ ഹര്‍ജിക്കാരന്‍ കോടതിയില്‍ നിരുപാധികം മാപ്പു പറഞ്ഞു. എന്നാല്‍ മാപ്പപേക്ഷ പരിശോധിക്കേണ്ടതുണ്ടെന്നാണ് ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഹിമ കോഹ്‌ലിയും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ഹര്‍ജിക്കാരനെ സ്വയം കേസ് വാദിക്കാന്‍ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി. 

ജഡ്ജിയെ ഭീകരവാദി എന്നാക്ഷേപിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ ആണ് നിങ്ങള്‍ അധിക്ഷേപിച്ചത്. അദ്ദേഹം നിങ്ങളുടെ സംസ്ഥാനത്തു നിന്നുള്ള ആളുമാണ്. അതു കൊണ്ടാണോ ഇത്തരത്തില്‍ അധിക്ഷേപിച്ചത് എന്നും ചോദിച്ചു. കൊറോണ കാലമായിരുന്നത് കൊണ്ട് താന്‍ കടുത്ത സമ്മര്‍ദത്തില്‍ ആയിരുന്നു എന്നായിരുന്നു ഹര്‍ജിക്കാരൻ മറുപടി നൽകിയത്.

Read more: നിർമ്മാണ ചെലവ് പിരിഞ്ഞുകിട്ടിയാൽ, വീണ്ടും ടോൾ പിരിക്കാമോ?, വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി

എന്നാല്‍ മാപ്പു പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ലെന്ന് ജസ്റ്റിസ് ഹിമ കോഹ്‌ലി ഹർജിക്കാരനോട് പറഞ്ഞു. തന്റെ കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് 2021 മാര്‍ച്ചിലും ജൂലൈയിലും അപേക്ഷ നല്‍കിയിരുന്നു എന്ന് പറഞ്ഞു. രണ്ട് അപേക്ഷയിലും ഇതേ അധിക്ഷേപം ഉണ്ടായിരുന്നല്ലോ എന്ന് ചോദിച്ച ജഡ്ജി,  അത്ഭുതകരം എന്നു പ്രതികരിക്കുകയും ചെയ്തു. അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്ന ആവശ്യം തള്ളിയ കോടതി കാരണം കാണിക്കാനുള്ള നോട്ടീസ് നല്‍കി.
 

Follow Us:
Download App:
  • android
  • ios