''പ്രദേശത്തെ പാവപ്പെട്ട ജനങ്ങളില്‍ നിന്ന് ചിലര്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ 28 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ തെളിവ് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ വിവരം ലഭിച്ചിട്ടുണ്ട്. ഇവരാണ് കുടിയൊഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതും''.
ഗുവാഹത്തി: കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്(pfi) പങ്കുണ്ടെന്ന ആരോപണവുമായി അസം(Assam) മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ(himanta biswa sarma). പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൂര്‍ണമായി പുറത്തുവരാതെ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദരാങ് (darrang) ജില്ലയിലാണ് 800ഓളം കുടുംബങ്ങളെ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്.
പൊലീസ് നടപടിക്കിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നടത്തിയ വെടിവെപ്പില്‍ 12കാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധമാണ് അസം സര്‍ക്കാറിനെതിരെ സോഷ്യല്‍മീഡിയയില്‍ ഉണ്ടായത്. വെടിയേറ്റ് നിലത്തുവീണയാളെ ജില്ലാ അധികൃതര്‍ നിയമിച്ച ഫോട്ടോഗ്രാഫര്‍(photographer) ആഞ്ഞുചവിട്ടുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. പത്തോളം പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രദേശത്തെ പാവപ്പെട്ട ജനങ്ങളില്‍ നിന്ന് ചിലര്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ 28 ലക്ഷം രൂപ പിരിച്ചെടുത്തതിന്റെ തെളിവ് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ വിവരം ലഭിച്ചിട്ടുണ്ട്. ഇവരാണ് കുടിയൊഴിപ്പിക്കലിനെതിരെ ആളുകളെ സംഘടിപ്പിച്ചതും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതും. സംഭവത്തില്‍ ഉള്‍പ്പെട്ട ആറ് പേരുടെ പേരും വിവരങ്ങളും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്തെ ജനങ്ങള്‍ക്ക് ഭക്ഷണ വിതരണത്തിനെന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രദേശത്തെത്തി. കോളേജ് അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇവരെയെല്ലാം അന്വേഷഷണ പരിധിയില്‍ കൊണ്ടുവരും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. വെടിവെപ്പില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കല്‍ നിര്‍ത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 60 കുടുംബങ്ങളെ മാത്രമേ ഇനി ഒഴിപ്പിക്കാനുള്ളൂ. അവിടെയെങ്ങനെ ആയിരക്കണക്കിന് ആളുകളെത്തി. പ്രതിപക്ഷം സംഭവം മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. പ്രദേശവാസികളാണ് പൊലീസിന് നേരെ ആദ്യം ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങള്‍ മുഴുവന്‍ കണ്ടാല്‍ മനസ്സിലാകും. ദൃശ്യങ്ങള്‍ മുഴുവന്‍ കാണാതെയാണ് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
600 ഹെക്ടര്‍ ഭൂമിയില്‍ നിന്നാണ് പദ്ധതിക്കുവേണ്ടി 800ഓളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നത്. ഇവര്‍ ഭൂമി കൈയേറിയതാണെന്നാണ് സര്‍ക്കാര്‍ വാദം. അനധികൃതമായി നിര്‍മിച്ച നാല് ആരാധനാലങ്ങളും പൊളിച്ചുനീക്കി.
