ബെം​ഗളൂരു: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ക്ലാസുകള്‍ ഓണ്‍ലൈൻ ആക്കുകയാണ്. ​ഗ്രാമ പ്രദേശത്തുള്ള വിദ്യാര്‍ത്ഥികളുടെ പഠനജീവിതത്തെ ഈ തീരുമാനം സാരമായി ബാധിച്ചിട്ടുമുണ്ട്.എന്നാൽ, പ്രതിസന്ധികളെ തരണം ചെയ്ത് ഓണ്‍ലൈൻ ക്ലാസിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥിയുടെ വാർത്തയാണ് ഇപ്പോൾ കർണാടകയിൽ നിന്ന് വരുന്നത്.

ഓരോ ദിവസവും ഒരു കിലോമീറ്റര്‍ ദൂരമാണ് രണ്ടാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയായ ശ്രീറാം ഹെഗ്ഡെ സഞ്ചരിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിൽ പങ്കെടുക്കാൻ മൊബൈലില്‍ റേഞ്ച് ലഭിക്കുന്നതിന് വേണ്ടിയാണ് ശ്രീറാമിന്റെ ഈ നടത്തം. കർണാടകയിലെ ബക്കൽ ​ഗ്രാമ പ്രദേശത്താണ് ശ്രീറാം താമസിക്കുന്നത്. 

ഗ്രാമത്തിൽ തടസമില്ലാതെ ഇന്റർനെറ്റ് ലഭ്യമല്ലാത്തത് കാരണം ശ്രീറാം ദിവസവും ഒരു കിലോമീറ്റർ നടന്ന് കുന്നിന് മുകളിലുള്ള മരത്തില്‍ കയറി 3 മണിക്കൂർ അവിടെ ഇരിക്കും. പിന്നീട് ക്ലാസ് കഴിഞ്ഞ ശേഷം മാത്രമേ ശ്രീറാം അവിടെ നിന്ന് വീട്ടിലേക്ക് തിരിക്കുകള്ളൂ.

എം.എസ്. ഡബ്ല്യൂ വിദ്യാര്‍ത്ഥിയായ ശ്രീറാം ഹെഗ്ഡെ ദക്ഷിണ കന്നഡ ജില്ലയിലെ എസ്.ഡി.എം കോളേജിലാണ് പഠിക്കുന്നത്. ബിഎസ്എന്‍എല്‍ സിമ്മിന് മാത്രം റേഞ്ചുള്ള പ്രദേശത്ത് ഒരു കിലോമീറ്റര്‍ ദൂരം പോയാല്‍ മികച്ച നെറ്റ്‌‍വര്‍ക്ക് ലഭിക്കുമെന്ന് മനസ്സിലാക്കി. പിന്നീട് അടുത്തുള്ള മരം കണ്ടെത്തി അതില്‍ നിലയിറുപ്പിച്ച് ക്ലാസുകളില്‍ പങ്കെടുക്കുകയായിരുന്നുവെന്ന് ശ്രീറാം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

എല്ലാ ദിവസവും മൂന്ന് ഓണ്‍ലൈന്‍ ക്ലാസുകളാണ് ഉള്ളത്. ഇവയിൽ വലിയ ചൂട് അനുഭവപ്പെടുന്ന ഉച്ച സമയത്തുള്ള ക്ലാസാണ് കഠിനമെന്നും ശ്രീറാം പറയുന്നു. അതേസമയം ശ്രീറാമിന്റെ ഈ പഠനസാഹസം അറിഞ്ഞ കോളേജ് അധികൃതര്‍ അഭിനന്ദനവുമായി രം​ഗത്തെത്തിയിട്ടുണ്ട്. മഴക്കാലത്ത് ക്ലാസുകളിൽ പങ്കെടുക്കാൻ വ്യത്യസ്തമായ ഒരു തന്ത്രം ആസൂത്രണം ചെയ്യുന്ന തിരക്കിലാണ് ശ്രാറാം ഇപ്പോൾ.