ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഫോണ്‍ ബന്ധം വിച്ഛേദിച്ചത് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചുവെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ജമ്മു കശ്മീരില്‍ മരുന്ന് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണവും ഗവര്‍ണര്‍ നിഷേധിച്ചു. സംസ്ഥാനത്തെ 90 ശതമാനം മരുന്ന് ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈദ് ദിനത്തില്‍ ഇറച്ചിയും പച്ചക്കറിയും മുട്ടയും വീടുകളില്‍ എത്തിച്ചു നല്‍കിയെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ബേബി ഫുഡിന് ചെറിയ തോതില്‍ ക്ഷാമമുണ്ടായിരുന്നു. വരും ദിവസങ്ങളില്‍ പ്രശ്നം പരിഹരിക്കും. പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് നടന്ന സംഭവങ്ങളില്‍ കശ്മീരില്‍ ഒരാള്‍ പോലും കൊല്ലപ്പെട്ടിട്ടില്ല. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ റദ്ദാക്കിയത് നിരവധി പേരുടെ ജീവന്‍ രക്ഷിച്ചു. അതിലെന്താണ് തെറ്റ്. കഴിഞ്ഞ 10 ദിവസമായി കശ്മീരില്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നില്ല. എല്ലാം വേഗത്തില്‍ പഴയ സ്ഥിതിയിലാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.