നിങ്ങളുടെ സ്ഥലത്ത് ടവര്‍ സ്ഥാപിക്കാന്‍ എന്‍ഒസി നല്‍കിയാല്‍ മാസംതോറും 45000 രൂപ കീശയിലെത്തും എന്നാണ് സന്ദേശത്തില്‍ പറയുന്നത്

ദില്ലി: സാമൂഹ്യമാധ്യമങ്ങള്‍ വലിയ തൊഴില്‍ ഓഫറുകളും സാമ്പത്തിക വാഗ്‌ദാനങ്ങളും വച്ചുനീട്ടുന്ന ഇടങ്ങളാണ്. ഉയര്‍ന്ന ശമ്പളമുള്ള തൊഴിലും കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ തുക തിരികെ ലഭിക്കുന്ന പദ്ധതികളെയും കുറിച്ചുള്ള പരസ്യങ്ങള്‍ നിരവധി വാട്‌സ്‌ആപ്പിലും ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും കാണാം. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു സന്ദേശമാണ് മൊബൈല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ളത്. നിങ്ങളുടെ സ്ഥലത്ത് ടവര്‍ സ്ഥാപിക്കാന്‍ എന്‍ഒസി നല്‍കിയാല്‍ മാസംതോറും 45000 രൂപ കീശയിലെത്തും എന്നാണ് സന്ദേശത്തില്‍ പറയുന്നത്. 40 ലക്ഷം രൂപ അഡ്വാന്‍സ് ലഭിക്കും എന്നും സന്ദേശത്തിലുണ്ട്. 

പ്രചാരണം

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) ലെറ്റര്‍ ഹെഡിലാണ് ഈ സന്ദേശം പ്രചരിക്കുന്നത്. അതിനാല്‍തന്നെ ആളുകളെല്ലാം ഇത് വിശ്വസിച്ചു. മൊബൈല്‍ ടവര്‍ നിര്‍മിക്കാനുള്ള അനുമതി കത്ത് എന്ന് ഈ രേഖയില്‍ എഴുതിയിട്ടുണ്ട്. 'നിങ്ങളുടെ സ്ഥലത്ത് ടവര്‍ നിര്‍മിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നു. എയര്‍ടെല്‍ 4ജി ടവറാണ് നിര്‍മിക്കുക. രജിസ്ട്രേഷന്‍ ചാര്‍ജായി 3800 രൂപ അടയ്‌ക്കുക. ടവര്‍ സ്ഥാപിച്ച് കഴിഞ്ഞാല്‍ മാസം തോറും 45000 രൂപ സ്ഥലവാടക ലഭിക്കും. 40 ലക്ഷം രൂപ അഡ്വാന്‍സ് പെയ്‌ന്‍മെന്‍റ് ട്രായി നല്‍കും' എന്നും പ്രചരിക്കുന്ന കത്തിലുണ്ട്. 

വസ്‌തുത

എന്നാല്‍ ട്രായിയുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണ് എന്നതാണ് യാഥാര്‍ഥ്യം. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ ഇത്തരമൊരു കത്ത് ഒരിക്കലും പുറത്തിറക്കിയിട്ടില്ല. 40 ലക്ഷം രൂപ അഡ്വാന്‍സും മാസംതോറും 45000 രൂപ സ്ഥലവാടകയും പ്രതീക്ഷിച്ച് ആരും 38000 രൂപ രജിസ്ട്രേഷന്‍ ഫീ അടച്ച് വഞ്ചിതരാവരുത് എന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. അതിനാല്‍തന്നെ ടവര്‍ സ്ഥാപിക്കാന്‍ എന്‍ഒസി നല്‍കിയാല്‍ 40 ലക്ഷം അഡ്വാന്‍സും മാസംതോറും 45000 രൂപ വാടകയും നേടാമെന്ന പ്രചാരണം വ്യാജമാണ്. 

Scroll to load tweet…

ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങള്‍ ഉടലെടുത്തിരുന്നു. ഇത്തരം ഓഫറുകള്‍ കേട്ട് ആരും എന്‍ഒസിയും രജിസ്ട്രേഷന്‍ തുകയും നല്‍കരുത് എന്നും സ്ഥലവാടക സംബന്ധിച്ച വാഗ്‌ദാനങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമോ ട്രായിയോ നല്‍കുന്നില്ല എന്നും മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന്‍സ് 2022 മെയ് 21 വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണ്. മന്ത്രാലയത്തിന്‍റെ പ്രസ് റിലീസ് വിശദമായി വായിക്കാം. 'ടവര്‍ സ്ഥാപിക്കാന്‍ ഒരു ടെലികോം സര്‍വീസ് പ്രൊവൈഡറും തുക ആവശ്യപ്പെടില്ല, തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം' എന്നും വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു. ആരെങ്കിലും മൊബൈല്‍ ഫോണ്‍ ടവറുകള്‍ നിങ്ങളുടെ സ്ഥലത്ത് സ്ഥാപിക്കാന്‍ സമീപിച്ചാല്‍ രേഖകള്‍ വിശദമായി പരിശോധിക്കേണ്ടതാണ്. 

മുന്നറിയിപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്

Read more: പീഡിപ്പിക്കപ്പെട്ട 5 വയസുകാരിയെയും കൊണ്ട് പിതാവിന്‍റെ പ്രതിഷേധം; കണ്ണീരണിയിച്ച വീഡിയോയില്‍ ട്വിസ്റ്റ്