മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വ്യാപ്തി വിശദമായുള്ളത്.

ദില്ലി: പാകിസ്ഥാനിൽ ഭീകരകേന്ദ്രങ്ങൾക്ക് ഇന്ത്യൻ സൈന്യം വരുത്തിയ നാശനഷ്ടങ്ങൾ വ്യക്തമാക്കുന്ന ഉപ​ഗ്രഹ ചിത്രങ്ങൾ പുറത്ത്. മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിലാണ് ഓപ്പറേഷൻ സിന്ദൂറിന്റെ വ്യാപ്തി വിശദമായുള്ളത്. ഭീകര ഗ്രൂപ്പുകളായ ലഷ്‌കർ -ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുൾ മുജാഹിദീൻ എന്നിവയുമായി ബന്ധപ്പെട്ട പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും പാകിസ്ഥാനിലെയും കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് വ്യോമാക്രമണങ്ങൾ നടത്തിയത്. ഉയർന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങൾ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള വ്യത്യാസം എടുത്തുകാണിക്കുന്നു.

ബഹാവൽപൂരിനടുത്തുള്ള മർകസ് സുബ്ഹാൻ അല്ലാഹ് കോമ്പൗണ്ടും മുറിദ്കെയിലെ നങ്കൽ സദാനിലെ മർകസ് തൈബ കോംപ്ലക്സുമാണ് ചിത്രങ്ങളിലുള്ളത്. ജെയ്‌ഷെ മുഹമ്മദിന്റെയും ലഷ്കർ ഇ തൊയ്ബയുടെയും കേന്ദ്രങ്ങളുമായ രണ്ട് സ്ഥലങ്ങളും ഇപ്പോൾ തകർന്ന അവസ്ഥയിലാണ്. മെയ് 7 ലെ ചിത്രങ്ങളിൽ തകർന്ന മേൽക്കൂരകൾ, ഗർത്തങ്ങൾ, അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ നാശത്തിന്റെ വ്യാപ്തി വ്യക്തമായി കാണാം.