ജർമനിയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് ലുഫ്ത്താൻസ റദ്ദാക്കിയത്. പൈലറ്റുമാർ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ലോകവ്യാപകമായി ലുഫ്ത്താൻസ 800 വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
ദില്ലി: ജർമൻ വിമാനക്കമ്പനിയായ ലുഫ്ത്താൻസ, വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ജർമനിയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് ലുഫ്ത്താൻസ റദ്ദാക്കിയത്. പൈലറ്റുമാർ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ലോകവ്യാപകമായി ലുഫ്ത്താൻസ 800 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ദില്ലിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കും മ്യൂണിക്കിലേക്കുമുള്ള വിമാനങ്ങൾ ആണ് റദ്ദാക്കിയത്. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ ദില്ലാ വിമാനത്താവളത്തിൽ യാത്രക്കാരും ബന്ധുക്കളും പ്രതിഷേധിച്ചു. എഴുന്നൂറോളം യാത്രക്കാരാണ് ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ കുടുങ്ങിയത്. 300 പേർ ഫ്രാങ്ക്ഫർട്ടിലേക്കും 400 പേർ മ്യൂണിക്കിലേക്കുമുള്ളവരായിരുന്നു.
യാത്ര തടസ്സപ്പെട്ടതോടെ, മൂന്നാം ടെർമിനലിൽ തടിച്ചുകൂടിയ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ടിക്കറ്റ് തുക മടക്കി നൽകുകയോ, പകരം യാത്രാ സൗകര്യം ഏർപ്പെടുത്തുകയോ വേണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. യാത്രക്കാരുടെ ബന്ധുക്കൾ സംഘടിച്ചതോടെ, വിമാനത്താവളത്തിൽ സുരക്ഷാ പ്രശ്നം ഉയർന്നു. എയർപോർട്ട് ജീവനക്കാരും സിഐഎസ്എഫും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
ശമ്പള വർധന ആവശ്യപ്പെട്ടാണ് പൈലറ്റുമാരുടെ സംഘടന ലുഫ്ത്താൻസയിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. 5,000 പൈലറ്റുമാരാണ് ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്. 5 ശതമാനം ശമ്പള വർധന വേണമെന്നതാണ് പൈലറ്റുമാരുടെ ആവശ്യം. സമരത്തെ തുടർന്ന് ലോകമെമ്പാടും ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം യാത്രക്കാരാണ് വിവിധ ഇടങ്ങളിൽ കുടുങ്ങിയത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടങ്ങിയതായി മാനേജ്മെന്റ് അറിയിച്ചു.
കൊവിഡ‍് പ്രതിസന്ധിയെ തുടർന്ന് നേരത്തെ ലുഫ്ത്താൻസ ജിവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വ്യാപകമായി വെട്ടിച്ചുരുക്കിയിരുന്നു. എന്നാൽ യാത്രക്കാരുടെ എണ്ണം വർധിച്ച ശേഷം ഇതിൽ മാറ്റം വരുത്താൻ കൂട്ടാക്കിയിരുന്നില്ല.
