ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പസ്വാന്റെ മരണം.
ദില്ലി: അന്തരിച്ച കേന്ദ്രമന്ത്രിരാം വിലാസ് പസ്വാന്‍ വഹിച്ചിരുന്ന ഭക്ഷ്യമന്ത്രാലയത്തിന്റെ അധിക ചുമതല പിയൂഷ് ഗോയലിന് നല്‍കി. ഇന്നലെയായിരുന്നു മന്ത്രിയുടെ വിയോഗം. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പസ്വാന്റെ മരണം.
രാവിലെ പത്തു മണിയോടെ ജന്‍പഥിലെ വസതിയില്‍ എത്തിച്ച് പസ്വാന്റെ ഭൗതികശരീരത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് അടക്കമുള്ള പ്രമുഖര്‍ അന്ത്യോമപചാരം അര്‍പ്പിച്ചു. ദില്ലിയിലെ പൊതുദര്‍ശനത്തിന് ശേഷം ഇന്ന് പട്‌നയില്‍ എത്തിക്കുന്ന മൃതദേഹം അവിടുത്തെ എല്‍ജെപി ഓഫീസില്‍പൊതുദര്‍ശനത്തിന് വെക്കും.
നാളെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. ബീഹാറിലെ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയതലത്തിലേക്ക് വളര്‍ന്ന പസ്വാന്‍ പ്രയോഗിക രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ പസ്വാന്‍ 1969 ബിഹാര്‍ നിയമസഭാംഗമായി. 74ല്‍ ലോക്ദളിലേക്ക് ചുവട് മാറ്റം. പിന്നീട് ജനതാപാര്‍ട്ടിയില്‍.
80 മുതല്‍ പാര്‍ലമെന്റില്‍ രാംവിലാസ് പാസ്വാന്റെ ശബ്ദമുയര്‍ന്നു. ഭാഗ്യ മണ്ഡലമെന്ന് പസ്വാന്‍ വിളിച്ചിരുന്ന ഹാജിപൂര്‍ എട്ട് തവണ അദ്ദേഹത്തെ ലോക്‌സഭയിലേക്ക് അയച്ചു. യുപിഎയില്‍ നിന്ന് എന്‍ഡിഎയിലെത്തിയ അദ്ദേഹം നരേന്ദ്രമോദി മന്ത്രിസഭയില്‍ ആറാം വര്‍ഷം ഭക്ഷ്യമന്ത്രിയായിരിക്കെയാണ് അന്തരിച്ചത്.
