ദില്ലി: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരായ ഉത്തര്‍പ്രദേശ് പൊലീസ് നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എംപി രംഗത്ത്. യു പി യിലെ പൊലീസ് നടപടിയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

ഔദ്യോഗികമായി പുറത്ത് വന്ന കണക്കിനേക്കാൾ കൂടുതലാണ് യു പിയിലെ പ്രതിഷേധങ്ങള്‍ക്കിടയിലുണ്ടായ മരണ നിരക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ മനുഷ്യാവകാശ ലംഘനമാണ് യുപിയിൽ നടക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ വലിയ തോതില്‍ നടന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശ്. പൊലീസ് വെടിവയ്പ്പില്‍ ഇവിടെ നിരവധിപേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാരുടെ കടകള്‍ അടപ്പിച്ചും സ്വത്തുകള്‍ കണ്ടുകെട്ടുന്ന നടപടികളും യുപി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പരസ്യമായി പറഞ്ഞിരുന്നു.