ജയ്പൂര്‍: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാന്‍ ആകാതായെങ്കിലും നിരവധി പേര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങി കറങ്ങി നടക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് പലതരം ശിക്ഷകളാണ് പൊലീസ് നല്‍കുന്നത്. അടിച്ചോടിക്കുന്നത് നേരത്തേ വിവാദമായിരുന്നു. ചിലര്‍ ഏത്തമിടിയിക്കുകയും മാപ്പെഴുതി വാങ്ങിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ മസക്കലി ആണ് പൊലീസിന്റെ പുതിയ ശിക്ഷാ മാര്‍ഗ്ഗം. 

ദില്ലി 6 എന്ന ബോളിവുഡ് സിനിമയ്ക്ക് വേണ്ടി എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മസക്കലി എന്ന ഗാനം റീമിക്‌സ് ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. റഹ്മാന്റെ സംഗീതത്തെ റീമിക്‌സ് ചെയ്ത് നശിപ്പിച്ചുവെന്ന് ആരോപിച്ച് ആരാധകരും റഹ്മാന്‍ തന്നെയും രംഗത്തെത്തിയിരുന്നു. പാട്ടിലെ റീമിക്‌സ് മോശമായെന്ന് തന്നെയാണ് മിക്കവരുടെയും അഭിപ്രായം. 

ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പിടിച്ചുനിര്‍ത്തി ഈ ഗാനം പലതവണ കേള്‍പ്പിക്കുമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെ ജയ്പൂര്‍ പൊലീസിന്റേതാണ് ഇത്തരമൊരു വിചിത്രമായ മുന്നറിയിപ്പ്. '' നിങ്ങള്‍ അനാവശ്യമായി പുറത്ത് കറങ്ങി നടക്കുന്നത് കണ്ടാല്‍ പിടിച്ച് ഒരു മുറിയിലിരുത്തി മസക്കലി 2.0 വീണ്ടും കേള്‍പ്പിച്ചുകൊണ്ടിരിക്കും.'' - ട്വീറ്റില്‍ പറയുന്നു. 

മസക്കലി 2.0 കൊവിഡിനേക്കാള്‍ മാരകമാണെന്നും മികച്ച ശിക്ഷാ വിധിയാണെന്നുമെല്ലാമാണ് ജയ്പൂര്‍ പൊലീസിന്റെ ട്വീറ്റിന് താഴെ വരുന്ന കമന്റുകള്‍. രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്ത് 2009 ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് സിനിമയാണ് ഡല്‍ഹി 6. അഭിഷേക് ബച്ചനും, സോനം കപൂറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ചിത്രത്തിലെ ഗാനങ്ങള്‍ വന്‍ഹിറ്റായിരുന്നു.