മത്സരം മാറ്റിവയ്ക്കില്ലെങ്കിൽ മാതൃക പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ ഉത്തരവ് ഇറക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്.
ചെന്നൈ: ചെന്നൈയിലെ ഐപിഎൽ മത്സരങ്ങൾക്കെതിരെ ഹർജി. നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മത്സരങ്ങൾ നടത്തരുതെന്നാണ് ഹർജിയിലെ ആവശ്യം. ചെന്നൈയിലെ വോട്ടർ ടി. പ്രഭാകരനാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. മത്സരം മാറ്റിവയ്ക്കില്ലെങ്കിൽ മാതൃക പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ ഉത്തരവ് ഇറക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്. രാഷ്ട്രീയപാർട്ടികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. സ്റ്റേഡിയത്തിലോ പുറത്തോ പാർട്ടിചിഹ്നങ്ങളുമായി ആരും വരില്ലെന്ന് ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട് . ഹർജി ചീഫ് ജസ്റ്റിസ് ബഞ്ച് നാളെ പരിഗണിച്ചേക്കും. ടിവികെ ചിഹ്നമായ വിസിൽ വിലക്കാനുള്ള നീക്കമാണ് ഹർജിയെന്നാണ് സംശയം. ഞായറാഴ്ചത്തെ ഐപിഎൽ ഫാൻ മീറ്റിൽ വിസിലുമായി ആരാധകർ എത്തിയിരുന്നു.
തമിഴ്നാട്ടിൽ ഡിഎംകെ തന്നെ അധികാരത്തിൽ വരുമെന്നും ഡിഎംകെ സഖ്യം 180 സീറ്റുമായി അധികാരം നിലനിർത്തുമെന്നും നേരത്തെ അഗ്നി ന്യൂസ് പ്രീ പോൾ സർവേ പുറത്ത് വന്നിരുന്നു. പെരമ്പൂരിൽ മത്സരിക്കുകയാണെങ്കിൽ തമിഴഗ വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ് തോൽക്കുമെന്നും, രണ്ടാം സ്ഥാനത്ത് എത്തുമെന്നും സർവേ ഫലം വിശദമാക്കിയത്. എഐഎഡിഎംഎകെ സഖ്യം 54 സീറ്റിൽ ഒതുങ്ങും. വിജയുടെ പാർട്ടിയായ ടിവികെ തമിഴ്നാട്ടിൽ ആകെ 9.7 ശതമാനം വോട്ട് നേടുമെന്നും സർവേ പ്രവചിച്ചിരുന്നു. അതേസമയം, ന്യൂസ് 18 നടത്തിയ മറ്റൊരു പോൾ സർവേയിൽ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യുടെ ടിവികെ രണ്ട് മുതൽ എട്ട് വരെ സീറ്റുകൾ നേടിയേക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്.


