ദില്ലി: പി എം കെയേഴ്സ് ഫണ്ടിൽ നിന്ന് പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. പി എം കെയേഴ്സ് നിധിയിൽ നിന്ന് പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ സർക്കാരിന് യാതൊരു തടസവും ഇല്ല. അതിന് സുപ്രീംകോടതി ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. പി എം കെയേഴ്സിനെതിരായ ഹർജികളെല്ലാം കോടതി തള്ളി.

പി എം കെയേഴ്സിനെതിരെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ നൽകിയ പൊതുതാല്പര്യ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഇത് രണ്ടാം തവണയാണ് സുപ്രീംകോടതി പി എം കെയേഴ്സിന് അം​ഗീകാരം നൽകുന്നത്. പി എം കെയേഴ്സിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ​ഹർജിയാണ് ഇപ്പോൾ തള്ളിയിരിക്കുന്നത്. പിഎം കെയേഴ്സിന്റെ രൂപീകരണം സുതാര്യമല്ല എന്നായിരുന്നു ഹർജിക്കാർ പ്രധാനമായും ചൂണ്ടിക്കാണിച്ച കാര്യം. അത് നിയമവിരുദ്ധമായാണ് രൂപീകരിച്ചത്. അതുകൊണ്ട് പിഎം കെയേഴ്സിലെ പണം മുഴുവൻ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുകയും അങ്ങനെ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയും വേണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.  

പിഎം കെയേഴ്സിൽ നിന്ന് പണം ദുരിതാശ്വാസ നിധിയിലേക്ക് മാറ്റുന്നതിന് സർക്കാരിന് മുന്നിൽ യാതൊരു തടസ്സങ്ങളുമില്ല. അത് എപ്പോൾ വേണമെങ്കിലും സർക്കാരിന് ചെയ്യാവുന്നതാണ്. അതിന് കോടതിയുടെ ഉത്തരവിന്റെ ആവശ്യമില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ഇടപെടില്ല. സർക്കാരിന് ഇതു സംബന്ധിച്ച് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. പിഎം കെയേഴ്സിനെതിരായ ഹർജി നേരത്തെയും സുപ്രീംകോടതിയിൽ എത്തിയിരുന്നു. അത് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. 

കൊവിഡ് പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പി എം കെയേഴ്സ് രൂപീകരിച്ചത്. ദേശീയ ദുരിതാശ്വാസ നിധി 1948ൽ ജവഹർലാൽ നെഹ്റു രൂപീകരിച്ചതാണ്. സ്വകാര്യവ്യക്തികളടക്കം അം​ഗങ്ങളായിട്ടുള്ള ട്രസ്റ്റാണ് ദേശീയ ദുരിതാശ്വാസ നിധി. പി എം കെയേഴ്സും ട്രസ്റ്റായി തന്നെയാണ് രൂപീകരിച്ചിരിക്കുന്നത്. അതിൽ പ്രധാനമന്ത്രിക്ക് പുറമേ ആഭ്യന്തര മന്ത്രി, പ്രതിരോധമന്ത്രി, ധനമന്ത്രി എന്നിവരും അം​ഗങ്ങളാണ്. എങ്കിലും ഇതൊരു പൊതുസ്ഥാപനമല്ല എന്ന് തന്നെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.