ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കുട്ടിയുടെ അമ്മ

ചെന്നൈ: പ്ലസ് വൺ വിദ്യാർത്ഥി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്തെ സ്കൂളിലാണ് സംഭവം. വില്ലുപുരം മേൽ തെരുവ് സ്വദേശി കെ മോഹൻ രാജ് (16) ആണ് മരിച്ചത്. വില്ലുപുരം സരസ്വതി മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ മോഹൻ രാജ് കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ സ്പെഷ്യൽ ക്ലാസിനായാണ് സ്കൂളിൽ എത്തിയത്. ക്ലാസ് മുറിയിലെ ബെഞ്ചിലിരുന്ന് നിമിഷങ്ങൾക്കകം ബോധരഹിതനായി താഴെ വീഴുകയായിരുന്നു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഹപാഠികൾ ചുറ്റും കൂടി. അധ്യാപകർ ഉടൻ തന്നെ നെഹ്‌റു റോഡിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ, ഓക്സിജൻ നില കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. മതിയായ സൗകര്യങ്ങളില്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് ട്രിച്ചി റോഡിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. സംശയകരമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴിയെടുത്തു. മോഹൻ രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി വില്ലുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചു.

കുട്ടിയുടെ അമ്മ മഹേശ്വരി പറഞ്ഞതിങ്ങനെ- "അവന് മുൻപ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ബാഗുമായി നാല് നിലകൾ കയറിയത് പ്രശ്നമുണ്ടാക്കിയെന്ന് സംശയിക്കുന്നു. പരീക്ഷകളിലെല്ലാം നല്ല മാർക്ക് നേടിയ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അവൻ. അവനെന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയില്ല."

അധ്യാപകനായ എം രാജശേഖരൻ പറഞ്ഞതിങ്ങനെ- "അവൻ കിന്റർഗാർട്ടൻ മുതൽ ഇവിടെ പഠിക്കുകയാണ്. പഠനത്തിൽ മിടുക്കനായിരുന്നു. ക്ലാസ് ടെസ്റ്റുകൾക്കായി നേരത്തെ വരാൻ ഞങ്ങൾ വിദ്യാർത്ഥികളോട് ആവശ്യപ്പെടാറുണ്ട്. അവന്റെ അമ്മ അടുത്ത് താമസിക്കുന്നതുകൊണ്ട് ഉടൻതന്നെ വിവരമറിയിക്കുകയും ഞങ്ങൾ അവനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഞങ്ങൾക്ക് അവനെ നഷ്ടപ്പെട്ടു. ആരോഗ്യപ്രശ്നമായിരുന്നോ എന്ന് ഞങ്ങൾക്കറിയില്ല. സ്കൂൾ സമയം രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ്, അവൻ എല്ലാ ദിവസവും കൃത്യസമയത്ത് എത്തുന്ന കുട്ടിയാണ്."

വില്ലുപുരം സ്വദേശി കുമാറിന്റെയും മഹേശ്വരിയുടെയും മകനാണ് മോഹൻരാജ്. അച്ഛൻ നേരത്തെ മരിച്ചിരുന്നു. മഹേശ്വരി വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.