Asianet News MalayalamAsianet News Malayalam

എന്താണ് പ്രധാനമന്ത്രി സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച നൂറ് ലക്ഷം കോടിയുടെ 'ഗതിശക്തി പദ്ധതി'

തന്‍റെ പ്രസംഗത്തില്‍ ഈ പദ്ധതി വലിയ തോതില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് ജോലി സാധ്യത നല്‍കുന്ന പദ്ധതിയെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. 

PM Gati Shakti Master Plan that Modi announced on Independence Day speech
Author
New Delhi, First Published Aug 15, 2021, 12:23 PM IST

ദില്ലി: 75-ാം സ്വാതന്ത്ര ദിനാഘോഷത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രഖ്യാപിച്ച പദ്ധതിയാണ് നൂറ് ലക്ഷം കോടിയുടെ ഗതിശക്തി പദ്ധതി. ആധുനിക അടിസ്ഥാന സൌകര്യവികസനമാണ് ഇതിന്‍റെ ലക്ഷ്യം എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്താണ് ഗതിശക്തി പദ്ധതിയെന്ന് പരിശോധിക്കാം. 

തന്‍റെ പ്രസംഗത്തില്‍ ഈ പദ്ധതി വലിയ തോതില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക് ജോലി സാധ്യത നല്‍കുന്ന പദ്ധതിയെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. 'വരുന്ന ദിവസങ്ങളില്‍ നാം ഗതി ശക്തി പദ്ധതി ആരംഭിക്കും, 100 ലക്ഷം കോടിയുടെ ദേശീയ അടിസ്ഥാന വികസന പദ്ധതി, രാജ്യത്തിന്‍റെ സമഗ്രമായ അടിസ്ഥാന സൗകര്യ വികാസത്തിനും അത് വഴി സംയോജിതമായ ഒരു സാമ്പത്തിക വികസന പാതയും രാജ്യത്തിന് നല്‍കും' - പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഗതിശക്തി ഇന്ത്യയിലെ തദ്ദേശീയ ഉത്പന്നങ്ങള്‍ക്കും, ഉത്പാദകര്‍ക്കും ആഗോളമായി പേര് നല്‍കുന്ന രീതിയില്‍ ആയിരിക്കും. ഇത് ആഗോള വിപണിയിലെ എതിരാളികളെ നേരിടാന്‍ ഇന്ത്യന്‍ ഉത്പാദകരെ സഹായിക്കും. അതിനാല്‍ തന്നെ ഇന്ത്യയിലെ ഒരോ ഉത്പാദകരും ഇന്ത്യയുടെ ബ്രാന്‍റ് അംബാസിഡര്‍മാരായിരിക്കും - പ്രധാനമന്ത്രി പറഞ്ഞു.

അതേ സമയം ഈ പദ്ധതിയുടെ ബാക്കി വിവരങ്ങളും എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കും തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വരാന്‍ ഇരിക്കുന്നതെയുള്ളൂ. തന്‍റെ സ്വതന്ത്ര്യ ദിന പ്രസംഗത്തില്‍ 'ദേശീയ ഹൈഡ്രജന്‍ മിഷന്‍', രാജ്യമെങ്ങുമുള്ള സൈനിക സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം എന്നീ കാര്യങ്ങളും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios