ദില്ലി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന എ ബി വാജ്‌പേയിയുടെ ഓര്‍മ്മയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. വാജ്‌പേയിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മോദി വാജ്‌പേയിയുടെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിലൂടെ പങ്കുവച്ചു. 

'' ഈ പുണ്യദിനത്തില്‍ അടല്‍ ജി ക്ക് പ്രണാമം. രാജ്യത്തിന്റെ പുരോഗതിക്കായി അദ്ദേഹം നടത്തിയ പ്രയത്‌നങ്ങള്‍ ഇന്ത്യ എപ്പോഴും ഓര്‍മ്മിക്കുന്നു'' - മോദി ട്വീറ്റ് ചെയ്തു. വാജ്‌പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തിണക്കിയാണ് മൊണ്ടാഷ് തയ്യാറാക്കിയിരിക്കുന്നത്. 

വീഡിയോക്ക് ശബ്ദം നല്‍കിയിരിക്കുന്നത് മോദിയാണ്. ''അടല്‍ ജിയുടെ ത്യാഗം ഈ രാജ്യം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രാജ്യം ആണവ ശക്തിയായി ഉയര്‍ന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍, പാര്‍ലമെന്റ് അംഗം,  മന്ത്രി അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നീ നിലകളില്‍ അടല്‍ ജി മികച്ച പ്രകടനം കാഴ്ച വച്ചു. 

അടല്‍ ജിയുടെ ജീവിതം പലകാര്യങ്ങളും വ്യക്തമാക്കി തരുന്നുണ്ട്. ഒരാളും മറ്റൊരാളേക്കാള്‍ ചെറുതല്ല. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഭാവിയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ സംസാരത്തേക്കള്‍ അദ്ദേഹത്തിന്റെ നിശബ്ദതയ്ക്കാണ് കൂടുതല്‍ ശക്തിയെന്ന് മനസ്സിലാകും. പാര്‍ലമെന്റിലും അദ്ദേഹം വളരെ കുറച്ചുമാത്രമാണ് സംസാരിക്കാറുള്ളത്. അദ്ദേഹത്തിന്റെ നിശബ്ദതയില്‍ നിന്ന് പോലും ആളുകള്‍ക്ക് സന്ദേശം ലഭിക്കും.''