ദില്ലി: ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട നിരവധി വിധിപ്രസ്താവനകള്‍ സമീപകാലത്ത് സുപ്രീംകോടതിയില്‍ നിന്നുണ്ടായെന്നും ഇവയെല്ലാം രാജ്യത്തെ ജനങ്ങള്‍ സ്വാഗതം ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 1500-ഓളം കാലഹരണപ്പെട്ട നിയമങ്ങള്‍ ഈ അടുത്ത് രാജ്യം ഒഴിവാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദില്ലിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, സുപ്രീംകോടതി ജഡ്ജിമാര്‍ എന്നിവര്‍ സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

സ്ത്രീകളുടെ ഉന്നമനം സര്‍ക്കാരിന്‍റെ പ്രാഥമിക ലക്ഷ്യമാണെന്നും ലിംഗവിവേചനം കൊണ്ട് ഒരു രാജ്യത്തിനും മുന്നോട്ട് പോകാനാവില്ലെന്നും  സൈന്യത്തിലെ വനിതകളുടെ അവകാശം ഉറപ്പാക്കിക്കൊണ്ടുള്ള വിധിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ സംസ്കാരങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ എന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു. വ്യ‌ക്തിസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നൽകുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.