ദില്ലി: കൊറൊണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍റെ 100ാം ജന്മദിനാഘോഷ പരിപാടികള്‍ മാറ്റിവെച്ചു. ബംഗ്ലാദേശില്‍ മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം റദ്ദാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‍മാന്‍റെ 100ാം ജന്മവാര്‍ഷിക പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു മോദിയെ ക്ഷണിച്ചത്. എന്നാല്‍, ബംഗ്ലാദേശില്‍ മൂന്ന് കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതോടെ പരിപാടി മാറ്റിവെച്ചതായി ബംഗ്ലാദേശ് അറിയിച്ചു. ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് ബംഗ്ലാദേശ് ആസൂത്രണം ചെയ്തത്. മാര്‍ച്ച് 17നായിരുന്നു നരേന്ദ്രമോദി പങ്കെടുക്കേണ്ട പരിപാടി നിശ്ചയിച്ചിരുന്നത്.

നാഷണല്‍ പരേഡ് ഗ്രൗണ്ടില്‍ 17ന് നടക്കുന്ന പരിപാടിയില്‍ വലിയ രീതിയില്‍ ജനം പങ്കെടുക്കും. അതുകൊണ്ട് തന്നെ പരിപാടി മാറ്റിവെക്കുകയാണെന്ന് കോ ഓഡിനേറ്റര്‍ കമാല്‍ അബ്ദുല്‍ നസീര്‍ ചൗധരി പറഞ്ഞു. പരിപാടിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ പുതുക്കിയ ക്രമം പിന്നീട് അറിയിക്കാമെന്നാണ് ബംഗ്ലാദേശ് അധികൃതര്‍ ഇന്ത്യയെ അറിയിച്ചത്. 

മോദിയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം
രാഷ്ട്രപിതാവ് മുജീബുര്‍ റഹ്മാന്‍റെ 100ാം ജന്മദിനാഘോഷങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത് ബംഗ്ലാദേശില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മോദി എത്തിയാല്‍ പ്രതിഷേധിക്കുമെന്ന് ധാക്ക യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. എന്ത് വില കൊടുത്തും മോദിയുടെ സന്ദര്‍ശനത്തെ ചെറുക്കുമെന്ന് യൂണിയന്‍ വൈസ് പ്രസിഡന്‍റ് നൂറുല്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇന്ത്യന്‍ ഹൈക്കീഷനിലും വിമാനത്താവളത്തിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

പൗരത്വ നിയമ ഭേദഗതി, ദില്ലി കലാപം എന്നിവയുടെ പശ്ചാത്തലത്തിലാണ് മോദിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചത്.