ദില്ലി: പാകിസ്ഥാന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താന്‍ സൈന്യം സുസജ്ജമാണ്. ലോംഗെവാലയില്‍ ഇന്ത്യന്‍ സൈന്യം വലിയ ​ശൗര്യം പ്രകടിപ്പിച്ചു. പാകിസ്ഥാന് സൈന്യം തക്ക മറുപടി നല്‍കി. എല്ലാ ഇന്ത്യക്കാര്‍ക്കും വേണ്ടി സൈനികര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൈനികര്‍ക്കൊപ്പമാണ് നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. ജയ്സാല്‍മേറിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സിയാച്ചിനിൽ ദീപാവലി ആഘോഷിച്ച തന്നെ പലരും വിമർശിച്ചു. പക്ഷേ സൈനികരാണ് രാജ്യത്തിൻ്റെ സമ്പത്തെന്നാണ് താൻ കരുതുന്നതെന്നും ജവാന്മാർക്കൊപ്പമുള്ളപ്പോഴാണ് തൻ്റെ ദീപാവലി ആഘോഷം പൂർണ്ണമാകുന്നതെന്നും മോദി പറഞ്ഞു. മധുരത്തിനൊപ്പം രാജ്യത്തിൻ്റെ സ്നേഹവും അവർക്ക് കൈമാറുകയാണ്. സൈനികരുടെ സന്തോഷിച്ച മുഖം കാണുമ്പോൾ തൻ്റെ സന്തോഷവും ഇരട്ടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലോംഗെവാല ഇന്ത്യൻ സൈന്യം  വലിയ ശൗര്യം പ്രകടിപ്പിച്ചു. പാകിസ്ഥാനെതിരെ നമ്മുടെ സൈന്യം ആഞ്ഞടിച്ച് തക്ക മറുപടി നൽകി. ലോംഗെവാല യുദ്ധം നമ്മുടെ സൈനിക ശേഷി തെളിയിക്കുന്നതായിരുന്നുവെന്നും മോദി പറഞ്ഞു. സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേതെന്നും അതിർത്തിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ മേഖലകളെയും പോലെ പ്രതിരോധ രംഗത്തെയും സ്വയംപര്യാപ്തമാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.