പശ്ചിമേഷ്യൻ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന വിലയിരുത്തലിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു. ഇന്ധനം, എൽപിജി, രാസവളം എന്നിവയുടെ ലഭ്യത ഉറപ്പാക്കുകയാണ് യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. അമേരിക്കയിൽ നിന്ന് എൽപിജി ടാങ്കർ എത്തിയത് രാജ്യത്തിന് ആശ്വാസം നൽകുന്നതിനിടെയാണ് നിർണായക തീരുമാനങ്ങൾക്കായി യോഗം ചേരുന്നത്.

ദില്ലി: പശ്ചിമേഷ്യൻ സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ദില്ലിയിൽ തുടരുന്നു. പതിമൂന്ന് മന്ത്രിമാരും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ, രാജ് നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ, ജെ പി നദ്ദ, നിർമ്മല സീതാരാമൻ, എസ് ജയശങ്കർ തുടങ്ങിയ പ്രമുഖ മന്ത്രിമാരെല്ലാം യോഗത്തിനെത്തിയിട്ടുണ്ട്. പെട്രാളിയം, രാസവളം മന്ത്രിമാരും യോഗത്തിലുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെയും, എൽ പി ജിയുടെയും രാസവളത്തിന്‍റെയും ലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ യോഗം വിലയിരുത്തും. എൽ പി ജി വിതരണത്തിൽ അടക്കം സ്വീകരിക്കേണ്ട മാർഗ്ഗങ്ങളും വിലയിരുത്തും. പശ്ചിമേഷ്യയിലെ ഇറാൻ - അമേരിക്ക - ഇസ്രയേൽ യുദ്ധം ഉടൻ തീരില്ല എന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഈ വിപുലമായ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തുന്നത്. യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം വ്യാവസായിക ഉത്പാദനത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യതയേയും കയറ്റുമതിയേയും യുദ്ധം ബാധിച്ചതായി വ്യവസായികളുടെ സംഘടനയായ സി ഐ ഐ പ്രസ്താവനയിൽ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കൻ എൽ പി ജി എത്തി

ഹോർമുസ് കടലിടുക്കിലെ അിശ്ചിതത്വം തുടരുമ്പോൾ ഇന്ത്യക്ക് ആശ്വാസമായി യു എസിൽ നിന്ന് എൽ പി ജിയുമായി ടാങ്കറുകൾ എത്തി തുടങ്ങി. മംഗ്ലൂരു തുറമുഖത്ത് എത്തിയ പൈക്സിസ് പയനിയർ എന്ന എൽ പി ജി ടാങ്കറിൽ പതിനാറായിരത്തി എഴുനൂറ്റി പതിനാല് ടൺ എൽ പി ജിയാണ് ആകെയുള്ളത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ നീക്കം നിലച്ചതോടെ റഷ്യ, യു എസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എൽ പി ജി എത്തിക്കാൻ ഇന്ത്യ ശ്രമം തുടങ്ങിയിയത്. രാജ്യത്തിനകത്തെ എൽ പി ജി ഉത്പാദനം 40 ശതമാനം ഉയർന്നു. ഇന്നലെ റഷ്യയിൽ നിന്നുള്ള അക്വ ടൈറ്റൻ എന്ന ക്രൂഡ് ഓയിൽ ടാങ്കറും മംഗ്ലൂരുവിൽ എത്തിയിരുന്നു. ചൈനയിലേക്ക് പോകുകയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറാണ് റഷ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധം അമേരിക്ക ഒരു മാസത്തേക്ക് നേരത്തെ പിൻവലിച്ചിരുന്നു. കൂടുതൽ എൽപിജി ടാങ്കറുകൾ വരും ദിവസങ്ങളിൽ ഇന്ത്യയിലെത്തും. സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ സിലിണ്ടർ വിതരണം ഇരുപത് ശതമാനം കൂട്ടാൻ ഇന്നലെ കേന്ദ്രം തീരുമാനിച്ചിരുന്നു. അതിഥി തൊഴിലാളികൾക്ക് 5 കിലോ സിലിണ്ടറുകൾ ലഭ്യമാക്കാനും കേന്ദ്രം നിർദ്ദേശം നൽകി. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള ഏത് ശ്രമത്തിനും പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്തിയനെ അറിയിച്ചിരുന്നു. ഇറാൻ ആണവായുധം വികസിപ്പിക്കില്ലെന്നും ആണവ നിലയങ്ങളുടെ പരിശോധനയ്ക്ക് തയ്യാറെന്നും ഇറാൻ പ്രസിഡൻറ് പറഞ്ഞു. ഭാവിയിൽ ഇറാന് നേരെ കടന്നുകയറ്റം ഉണ്ടാകില്ല എന്ന ഉറപ്പ് നൽകിയാലേ യുദ്ധം നിറുത്തു എന്നും പെസഷ്തിയൻ മോദിയെ അറിയിച്ചു.