സാമൂഹ്യമാധ്യമങ്ങളുടെ നിരോധനത്തെത്തുടർന്ന് നേപ്പാളിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സ്ഥിതി വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചു.
ദില്ലി: നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം ചേർന്നു. നേപ്പാളിലെ അക്രമം ഹൃദയഭേദകമെന്നും നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടമായത് വേദനാജനകമെന്നും പ്രധാനമന്ത്രിയുടെ പ്രതികരണം. നേപ്പാളിലെ സഹോദരീ സഹോദരൻമാർ സമാധാനത്തെ പിന്തുണയ്ക്കണം എന്ന് മോദി. നേപ്പാളിയിലും മോദി സന്ദേശം ട്വീറ്റ് ചെയ്തു.
വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി ജനപ്രിയമായ 26 സമൂഹ മാധ്യമ അക്കൗണ്ടുകൾ കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാൾ സർക്കാർ നിരോധിച്ചതിനെതിരെയാണ് പ്രക്ഷോഭം ആരംഭിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്ന് വിശദീകരിച്ചായിരുന്നു സർക്കാർ നടപടി.
പിന്നാലെ നേപ്പാളിലെ കെ പി ശർമ ഒലി സർക്കാർ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കുകയാണെന്നും പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ച് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധം തുടങ്ങി. പ്രതിഷേധം കത്തിപ്പടർന്നതോടെ നിരോധനം പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായെങ്കിലും പ്രക്ഷോഭം തെരുവിൽ ഇപ്പോഴും ശക്തമായി തുടരുകയാണ്.
ഇന്ത്യൻ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
അതേസമയം, നേപ്പാളിലെ ഇന്ത്യൻ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈനും ആരംഭിച്ചു. സംഘര്‍ഷ തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ നിർദ്ദേശിച്ചു. നിലവിൽ നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും പുറത്ത് പോകരുതെന്നും സര്‍ക്കാരിന്‍റെ സുരക്ഷാ മുൻകരുതലുകള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
