Asianet News MalayalamAsianet News Malayalam

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ കൂടുന്നതിൽ ആശങ്ക, ജനങ്ങൾ അലംഭാവം കാട്ടരുതെന്നും പ്രധാനമന്ത്രി

രാജ്യം മഹാമാരിയെ നേരിടുന്ന സമയത്ത് ഒരു ചെറിയ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്ന് മോദി

PM Modi concern about increasing covid cases kerala and maharashtra
Author
New Delhi, First Published Jul 8, 2021, 10:49 PM IST

ദില്ലി: പുനഃസംഘടിപ്പിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിൽ രാജ്യത്തെ കൊവിഡ‍് വ്യാപനത്തിലെ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിൽ തന്നെ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് വ്യാപനതോത് കുറയാത്തതിലെ ആശങ്കയാണ് മോദി പ്രധാനമായും പങ്കുവച്ചത്. ജനങ്ങളുടെ ശ്രദ്ധക്കുറവാണ് കൊവിഡ് വ്യാപനം കുറയാത്തതിന്‍റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാണിക്കുന്നത്. മാസ്ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആൾക്കുട്ടങ്ങളുടെ വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗൗരവതരമാണെന്നും ഭയപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

രാജ്യം മഹാമാരിയെ നേരിടുന്ന സമയത്ത് ഒരു ചെറിയ അശ്രദ്ധയ്‌ക്കോ അലംഭാവത്തിനോ ഇടമുണ്ടാകരുതെന്ന് മോദി കൂട്ടിച്ചേർത്തു. ചെറിയ വീഴ്ചകൾ പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ ദുർബലമാക്കുകയും ചെയ്യും. ലോക്ക്ഡൗണിൽ ഇളവുകൾ വന്നത് ദുരുപയോഗം ചെയ്യപ്പെടരുതെന്നും ജാഗ്രതയോടെ ജനങ്ങള്‍ കൊവിഡിനെ നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കൊവിഡിന്‍റെ ഭീഷണി അവസാനിച്ചിട്ടില്ല. മറ്റു പല രാജ്യങ്ങളും കേസുകൾ വർദ്ധിക്കുന്നുണ്ട്. കൊവിഡ് വൈറസിന്‍റെ ജനിതക മാറ്റം മൂലമുണ്ടാകുന്ന വ്യാപനത്തെയും പ്രധാനമന്ത്രി ചൂണ്ടികാട്ടി. ജനങ്ങള്‍ പുറത്തിറങ്ങി സ്വാഭാവിക ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്നും അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.

ഭയം വളർത്തുകയല്ല, മറിച്ച് സാധ്യമായ എല്ലാ മുൻകരുതലുകളും തുടരാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയാണ് വേണ്ടതെന്ന് പുതിയ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി  വിശദീകരിച്ചു. കൊവി‍ഡ് മഹാമാരിയെ അതിജീവിക്കാൻ രാജ്യത്തിന് കഴിയുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പുനസംഘടിക്കപ്പെട്ട കേന്ദ്രമന്ത്രിസഭയുടെ ആദ്യയോഗത്തിൽ പ്രകടിപ്പിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios