Asianet News MalayalamAsianet News Malayalam

ദില്ലി ആശുപത്രിയിലെ അത്യാഹിതം, ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി; 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്‍റ് ഗവർണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി

PM Modi Condoles Deaths In Delhi Children Hospital Fire and announces Rs 2 lakh Financial assistance
Author
First Published May 26, 2024, 4:25 PM IST

ദില്ലി വിവേക് വിഹാർ ആശുപത്രിയിലെ അത്യാഹിതത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി. ആശുപത്രിയിലുണ്ടായ അത്യാഹിതം ഹൃദയഭേദകമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദു:ഖിതരായ കുടുംബാംഗങ്ങൾക്കൊപ്പം താനുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവും അടിയന്തര ധനസഹായവും പ്രഖ്യാപിച്ചു.

ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലെ തീപിടുത്തം; അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിക്ക് നിർദേശം

അതിനിടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്‍റ് ഗവർണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നൽകി. ദില്ലിയിൽ നവജാത ശിശുക്കൾക്കായുള്ള ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് മരിച്ചത്. അഞ്ചു കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. വിവേക് വിഹാറിൽ ചട്ടങ്ങൾ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്.

ആശുപത്രിയോട് ചേർന്നുള്ള ഓക്സിജൻ സിലിണ്ടർ സംഭരണ കേന്ദ്രത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം ഉണ്ടായതെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊട്ടിത്തെറി ഉണ്ടായത് ഓക്സിജൻ റീഫില്ലിങ് മുറിയിൽ നിന്നാണെന്നും നാട്ടുകാർ ആരോപിച്ചു. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. നവജാത ശിശുക്കളുടെ ആശുപത്രിക്ക് പുറമെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരു വാനും ബൈക്കും പൂർണമായും കത്തി നശിച്ചു. രാത്രി 11.45 ഓടെയാണ് തീപിടിത്തം ഉണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios