300 മീറ്റർ നീളവും 14 മീറ്റർ വീതിയും പാലത്തിനുണ്ട്. 2600 മെട്രിക് ടൺ സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മാണം. 

അഹമ്മദാബാദ്: അഹമ്മദാബാദിലെ സബർമതി നദിയ്ക്ക് കുറുകെ നിർമ്മിച്ച മനോഹരമായ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. മുൻ പ്രധാനമന്ത്രി വാജ്പേയുടെ സ്മരണാർഥം അടൽ പാലം എന്നാണ് പേര് നൽകിയിരിക്കുന്നത്. കാൽ നടയാത്രക്കാർക്കും സൈക്ലിംഗ് ചെയ്യുന്നവർക്കുമാണ് പാലത്തിലേക്ക് പ്രവേശനം. സബർമതി റിവർ ഫ്രണ്ടിലെ മനോഹര കാഴ്ചകളാസ്വദിക്കാനും പാലത്തിൽ നിന്നാവും. ഉദ്ഘാടന ശേഷം പ്രധാനമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പാലത്തിലൂടെ സഞ്ചരിച്ചു. 300 മീറ്റർ നീളവും 14 മീറ്റർ വീതിയും പാലത്തിനുണ്ട്. 2600 മെട്രിക് ടൺ സ്റ്റീൽ ഉപയോഗിച്ചാണ് നിർമ്മാണം. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തിയ മോദി അഹമ്മദാബാദിൽ ഖാദി ഉത്സവത്തിലും പങ്കെടുത്തു. 

സിപിഎം ഓഫീസ് ആക്രമിച്ചത് ചികിത്സയിലുള്ള എബിവിപി പ്രവർത്തകർ? സൂചന ലഭിച്ചെന്ന് പൊലീസ്, സിസിടിവി തെളിവാകും

തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് രാത്രിയിൽ ആക്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലിസ്. സി പി എം ഓഫീസിലേക്ക് കല്ലെറിഞ്ഞത് എ ബി വി പി പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്.സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ ചികിത്സയിലുള്ള എ ബി വി പി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് വ്യക്തമാകുന്നത്. ചികിത്സക്കിടെയാണ് ഇവർ ഓഫീസിൽ കല്ലെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. വഞ്ചിയൂരിൽ ഉണ്ടായ സംഘർഷത്തിലാണ് ഇവർക്ക് പരിക്കേറ്റതും ചികിത്സ തേടിയതും. ഇതിന് പിന്നാലെയാണ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആക്രമണമുണ്ടായത്. ചികിത്സയിലുള്ളവർ എങ്ങനെ പ്രതികളാകും എന്ന് ബി ജെ പി നേതാക്കൾ ചോദിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ ഇവരാണ് പ്രതികളെന്ന് വ്യക്തമാണെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്.

സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാറിനടക്കം കേടുപാടുണ്ടായിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വഞ്ചിയൂര്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് സിപിഎം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചിട്ടുണ്ട്.