റോത്താം​ഗ്: ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉൾപ്പടെ കുതിച്ചുചാട്ടമുണ്ടാക്കുന്ന റോത്താംഗിലെ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. തുരങ്കത്തിന്റെ ദക്ഷിണ പോർട്ടിലാണ് ഉദ്ഘാടനം നടന്നത്. തുരങ്കത്തിനു മുന്നിൽ പ്രധാനമന്ത്രി ഫോട്ടോസെഷനിലും പങ്കെടുത്തു. 

3,086 കോടി രൂപ ചെലവഴിച്ചാണ് അടൽ  തുരങ്കം നിർമ്മാണം പൂർ‌ത്തിയാക്കിയത്. ഹിമാലയൻ മലനിരകളെ തുരന്ന് നിർമ്മിച്ച രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നേരിട്ട് നിർവ്വഹിച്ചത്. ഇതിന് മുൻപ് ലഡാക്കിലെ സൈനികരെ സന്ദർശിക്കാനും, അയോദ്ധ്യ ഭൂമി പൂജ, പശ്ചിമബംഗാളിലെ ചുഴലിക്കാറ്റ് ബാധിതതമേഖലകൾ സന്ദർശിക്കാനുമാണ് മോദി കൊവിഡ് കാലത്ത് ദില്ലിയിക്ക് പുറത്ത്പോയത്. ഏഴു മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടന പരിപാടിയാണിത്. 

പത്തു വർഷം കൊണ്ട് പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷനാണ് അടൽ തുരങ്കം നിർമ്മിച്ചത്. പദ്ധതിയിൽ ഏറെയും മലയാളിത്തിളക്കമാണ്. മലയാളിയായ ചീഫ് എൻജിനീയർ കണ്ണൂർ സ്വദേശി കെ.പി.പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നൽകിയത്. തുരങ്കത്തിന്റെ എഞ്ചീനീയറിംഗ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നടത്തിയത് മലയാളിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് എന്ന പ്രത്യേകതയുമുണ്ട്.

മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം തുരങ്കം കുറയ്ക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന്യം. ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കേ പദ്ധതിക്ക് പ്രാധാന്യമേറെയാണ്. തുരങ്കം വന്നതോടെ മഞ്ഞുക്കാലത്തും ഈ പാതിയിൽ യാത്ര നടത്താം. ഹിമാചലിലെ ഉൾനാടൻ ഗ്രാമങ്ങൾക്കും പദ്ധതി ഗുണം ചെയ്യും.
"