Asianet News MalayalamAsianet News Malayalam

എഞ്ചിനീയറിങ് വിസ്മയം: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലം മുംബൈയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

രണ്ട് പതിറ്റാണ്ടിന്റെ വികസന സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഗതാഗതക്കുരുക്കിൽ അമർന്ന് നവിമുംബൈയിലേക്കുള്ള ദുരിത യാത്ര ഇനി ദക്ഷിണ മുംബൈക്കാർക്ക് മറക്കാനാവും

PM Modi inaugurates country longest bridge in sea at Mumbai kgn
Author
First Published Jan 12, 2024, 9:35 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപാലമായ മുംബൈ അടൽസേതു ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 22 കിലോമീറ്റർ നീളമുള്ള പാലം തുറന്നതോടെ മുംബൈയിൽ നിന്നും നവി മുംബൈയിലേക്കുള്ള  യാത്രാ സമയം ഒന്നര മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക് ചുരുങ്ങി. മുംബൈയിൽ 10,000 കോടിയിലേറെ ചെലവ് വരുന്ന വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

രണ്ട് പതിറ്റാണ്ടിന്റെ വികസന സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. ഗതാഗതക്കുരുക്കിൽ അമർന്ന് നവിമുംബൈയിലേക്കുള്ള ദുരിത യാത്ര ഇനി ദക്ഷിണ മുംബൈക്കാർക്ക് മറക്കാനാവും. വൈകിട്ട് നാല് മണിയോടെയാണ് ശിവ്ഡിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാലം ഉദ്ഘാടനം ചെയ്തത്. പിന്നാലെ പാലത്തിലൂടെ യാത്ര ചെയ്ത് നവി മുംബൈയിലേക്ക് എത്തി. 2016ൽ താൻ തറക്കല്ലിട്ട  പാലത്തിന്റെ ഉദ്ഘാടത്തിന് വീണ്ടുമെത്തിയത് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. വികസനം വീട്ടിലേക്കല്ല ഇപ്പോൾ നാട്ടിലേക്കാണ് വരുന്നതെന്ന് മോദിയുടെ വാക്കുകൾ.

പാലത്തിന്റെ ആകെ ദൂരം 22 കിലോമീറ്ററാണ്. കടലിലൂടെ മാത്രം 16.5 കിലോമീറ്റർ നീളമുണ്ട്. എഞ്ചിനീയറിങ് വിസ്മയമാണ് അഞ്ച് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയായത്. നവി മുംബൈയിലേക്ക് മാത്രമല്ല പുണെ, ഗോവ, ബെംഗളൂരു എന്നിവിടങ്ങളിലേക്കും യാത്രാസമയത്തിലും  പുതിയപാലം കുറവ് വരുത്തും. ഈ വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമ സഭാ തെരെഞ്ഞെടുപ്പിലും പാലം ചർച്ചയാകുമെന്നുറപ്പ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios