കേദാർനാഥിലെ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരീനാഥിലെത്തി. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം ദില്ലിയിലേക്ക് തിരിക്കും.
ബദരീനാഥ്: കേദാർനാഥിലെ ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരീനാഥിലെത്തി. ക്ഷേത്ര ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം ദില്ലിയിലേക്ക് തിരിക്കും. ഹിമാലയത്തിലെ ധ്യാനത്തിന് ശേഷം പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു.
'രാജകീയവും ഗംഭീരവുമാണ്. പ്രശാന്തവും ആത്മീയവും വളരെ അധികം പ്രത്യേകതകളുള്ള എന്തോ ഒന്ന് ഹിമാലയത്തിലുണ്ട്. പര്‍വതങ്ങളിലേക്കുള്ള തിരികെ പോക്കുകള്‍ എപ്പോഴും വിനയാന്വിതമാക്കുന്ന അനുഭവങ്ങളാണ്' - മോദി കുറിക്കുന്നു.
ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലായിരുന്നു മോദിയുടെ ഏകാന്ത ധ്യാനം. ധ്യാനം അവസാനിപ്പിച്ച മോദി കേദാർനാഥ് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷമായിരുന്നു ബദരിനാഥിലെത്തിയത്.
സമുദ്രനിരപ്പില്‍ നിന്ന് 12200 അടി മുകളിലാണ് രുദ്ര ഗുഹ. മോദിയുടെ ധ്യാനത്തിനായി പരിസരം മുഴുവന്‍ കനത്ത സുരക്ഷയായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി രുദ്ര ഗുഹയിലെത്തി ധ്യാനം ആരഭിച്ചത്.
ഔദ്യോഗികാവശ്യത്തിനുള്ള യാത്രയെന്ന് അറിയിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രിക്ക് കേദാര്‍നാഥിലേക്കുള്ള യാത്രാനുമതി നല്‍കിയത്. മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് രുദ്രാ ഗുഹ നിര്‍മ്മിച്ചത്. വെട്ടുകല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച രുദ്ര ഗുഹയ്ക്ക് ഏട്ടര ലക്ഷം രൂപ ചെലവായി.
