ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസായ സെൻസസ് 2027-ന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ച് മാതൃകയായി. കേരളത്തിൽ സെൻസസ് നടപടികൾ ജൂണിൽ ആരംഭിക്കും, വ്യക്തികൾക്ക് ഓൺലൈനായി വിവരങ്ങൾ നൽകാനുള്ള സൗകര്യവുമുണ്ട്

ദില്ലി: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് നടപടികൾക്ക് മാതൃകയായി രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും സെൻസസ് 2027-ന്റെ ഭാഗമായി. രാഷ്ട്രപതി ഭവനിൽ വെച്ച് സെൽഫ് ഇന്യുമറേഷൻ ഫോം പൂരിപ്പിച്ചാണ് രാഷ്ട്രപതി നടപടിക്രമങ്ങളിൽ പങ്കാളിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുന്നതിന്റെ (സെൽഫ് എന്യുമറേഷൻ) ചിത്രങ്ങൾ എക്സിലൂടെ പങ്കുവെച്ചു. രാഷ്ട്രത്തിന്റെ വികസനത്തിന് കൃത്യമായ വിവരശേഖരണം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സെൻസസ് നടപടികളിൽ പങ്കാളികളാകാൻ എല്ലാ പൗരന്മാരോടും ആഹ്വാനം ചെയ്തു. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വിവരങ്ങൾ കൈമാറുന്നത് പ്രക്രിയ കൂടുതൽ ലളിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെൻസസ് 2027 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസാണ്. ഇന്നലെയാണ് സെൻസസ് 2027 ന്‍റെ ആദ്യഘട്ട പ്രവർത്തനമായ സെൽഫ് എന്യുമറേഷൻ പ്രക്രീയ ആരംഭിച്ചത്. വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള നടപടികളാണ് സെൽഫ് എന്യുമറേഷൻ പ്രക്രീയ.

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസ്

സെൻസസ് 2027 ന്‍റെ ആദ്യഘട്ടം ഇന്നലെയാണ് ആരംഭിച്ചത്. വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള നടപടികളാണ് ആദ്യഘട്ടത്തിലുള്ളത്. ദില്ലി കൻ്റോൺമെൻ്റ് മേഖലകൾ, എൻ ഡി എം സി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, കർണാടക, സിക്കീം, ഒഡീഷ, ലക്ഷദ്വീപ്, മിസോറാം എന്നീ സ്ഥലങ്ങളിലാണ് ഇന്നലെ നടപടികൾ ആരംഭിച്ചത്. സെപ്തംബർ 30 വരെയാണ് ആദ്യഘട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം. ആദ്യഘട്ടത്തിൽ ഭവന സെൻസസും രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പുമാണ് നടത്തുക. ആദ്യ ഘട്ടത്തിലെ ഭവന സെൻസസിൽ, താമസ സൗകര്യങ്ങൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, വീടുകളിലെ ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. 33 ചോദ്യങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഉത്തരം നൽകേണ്ടത്. രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യ കണക്കെടുപ്പ് നടക്കുക. കേരളത്തിൽ ആദ്യഘട്ട സെന്‍സസ് ജൂണിൽ തുടങ്ങും. സെൽഫ് എന്യൂമേറേഷന് ജൂണ്‍ 16 മുതൽ ജൂണ്‍ 30 വരെ സമയമുണ്ടാകും. ജൂലൈ ഒന്ന് മുതൽ ജൂലൈ 30 വരെ സെന്‍സസ് ഉദ്യോഗസ്ഥര്‍ നേരിട്ട് വീടുകളിലെത്തി വിവരം ശേഖരിക്കും. 2027 ലാകും കണക്കുകൾ പ്രസിദ്ധീകരിക്കുക. സെൻസസ് 2027 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സെൻസസായിരിക്കും.