Asianet News MalayalamAsianet News Malayalam

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റകൾ; കൂടുകളില്‍ നിന്ന് തുറന്ന് വിട്ട്, ചിത്രങ്ങള്‍ പകര്‍ത്തി മോദി

ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

PM Modi releases 8 cheetahs from Namibia at Kuno National Park
Author
First Published Sep 17, 2022, 11:44 AM IST

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു. തുറന്ന് വിട്ട ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്. ടെറ ഏവിയ എന്ന മൊൾഡോവൻ എയർലൈൻസിന്റെ പ്രത്യേകം സജ്ജമാക്കിയ ബോയിംഗ്  747 വിമാനത്തിലാണ് ചീറ്റകൾ ഇന്ത്യയിലേക്ക് പറന്നിറങ്ങിയത്. മരം കൊണ്ടുണ്ടാക്കിയ പ്രത്യേക കൂടുകളിലായിരുന്നു വിമാന യാത്ര. ഡോക്ടർമാരടക്കം വിദഗ്ധ സംഘവും കൂടയുണ്ടായിരുന്നു. അഞ്ച് പെണ്ണ് ചീറ്റപ്പുലികളും മൂന്ന് ആണ്‍ ചീറ്റപ്പുലികളുമാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റുകളിലാണ് കൂനോ നാഷണൽ പാർക്കിലേക്ക് എത്തിച്ചത്.

രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റകളാണ് ആഫ്രിക്കൻ പുൽമേടുകളെ വിട്ട് ഇന്ത്യയിലേക്ക് എത്തിയിരിക്കുന്നത്. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടിച്ചത്. ഒറ്റ പ്രസവത്തിൽ ജനിക്കുന്ന ആൺ ചീറ്റകൾ ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കും. അതാണ് സഹോദരങ്ങളെ ഒരുമിച്ച് അയക്കാൻ കാരണം. മൂന്നാമത്തെ ആൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. പ്രായം നാല് വയസ്. സംഘത്തിലെ ആദ്യ പെൺ ചീറ്റയെ ചീറ്റ കൺസർവേഷൻ ഫണ്ട്  തെക്ക് കിഴക്കൻ നമീബിയയിൽ നിന്ന് രക്ഷിച്ചെടുത്തതാണ്. 

അമ്മ മരിച്ച കാട്ടുതീയിൽ നിന്ന് രക്ഷപ്പെട്ട ഈ ചീറ്റ 2020 സെപ്റ്റംബർ മുതൽ സിസിഎഫിന്റെ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ഒരു നമീബിയൻ വ്യാപാരിയുടെ സ്വകാര്യ ഭൂമിയിൽ നിന്ന് 2022 ജൂലൈയിൽ പിടിച്ചതാണ് രണ്ടാമത്തെ പെൺ ചീറ്റയെ. മൂന്നാമത്തെ പെൺ ചീറ്റ എരിണ്ടി റിസർവിൽ നിന്നാണ്. നാലാം ചീറ്റയെ 2017-ൽ ഒരു കൃഷിയിടത്ത് നിന്നും അവശനിലയിൽ കണ്ടെത്തിയതാണ്. അതിന് ശേഷം സിസിഎഫ് സംരക്ഷണത്തിലായിരുന്നു. 

സംഘത്തിലെ അവസാനത്തെ ചീറ്റയെ 2019 ഫെബ്രുവരിയിൽ  വടക്ക് പടിഞ്ഞാറൻ നമീബിയയിൽ നിന്ന് പിടിച്ചതാണ്. എട്ട് പേരെയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് വിമാനത്തിൽ കൊണ്ടുവന്നത്. തുടർന്നുള്ള നിരീക്ഷണത്തിനായി പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios