ദില്ലി: ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷത്തിനും കോണ്‍ഗ്രസിനും നേരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യയും തോറ്റു എന്ന പറച്ചില്‍ രാജ്യത്തെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

തങ്ങള്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യയും ജയിക്കില്ലെന്നാണോ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സുഹൃത്തുകള്‍ ധരിച്ചു വച്ചിരിക്കുന്നത്. ഇന്ത്യയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒന്നാണോ ? അല്ല... രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തേയും ജനാധിപത്യത്തേയും ബഹുമാനിക്കുക എന്നത് പ്രധാനമാണ്. വയനാട്ടില്‍ തോറ്റത് ഇന്ത്യയാണോ, റായ്ബറേലിയില്‍ തോറ്റത് ഇന്ത്യയാണോ, തിരുവനന്തപുരത്ത് തോറ്റത് ഇന്ത്യയാണോ,അമേത്തിയില്‍ എന്താണുണ്ടായത് - രാജ്യസഭയിലെ പ്രസംഗത്തിനിടെ മോദി ചോദിച്ചു. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ ഭാഗമായി രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രസംഗത്തിനിടെ ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊല, ബീഹാറിലെ ശിശുമരണം,ദേശീയ പൗരത്വ രജിസ്റ്റര്‍, തെരഞ്ഞെടുപ്പുകളുടെ ഏകീകരണം എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊല വേദനിപ്പിക്കുന്നതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്നും എല്ലാ പൗരന്‍മാരേയും സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ടെന്നും പറഞ്ഞു. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടു പോകുമെന്നും മോദി വ്യക്തമാക്കി. 

ബീഹാറിലെ കുട്ടികളുടെ മരണം വലിയ വേദനയുണ്ടാക്കിയെന്നും പ്രശ്നം മറികടക്കാന്‍ സംസ്ഥാനസര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ടെന്നും പ്രധാനമന്ത്രി സഭയെ അറിയിച്ചു. വാക്സിനേഷനെ കുറിച്ചും വൈറസുകളെക്കുറിച്ചും ആളുകള്‍ക്ക് അവബോധമുണ്ടാക്കേണ്ടത് പ്രധാനമാണ്. ആയുഷ്മാന്‍ ഭാരതിലൂടെ എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

അസമിലെ ദേശീയപൗരത്വ രജിസ്റ്റുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ മോദി ഈ ആശയം ആദ്യമായി മുന്നോട്ട് വച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണെന്നും എല്ലാതിന്‍റെ ക്രെഡിറ്റും ഏറ്റെടുക്കുന്ന കോണ്‍ഗ്രസിന് ഇതിന്‍റെ ക്രെഡിറ്റ് വേണ്ടേയെന്നും പരിഹസിച്ചു. 

നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കി രാജ്യസഭയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ നിന്നും....

കഴിഞ്ഞ ദിവസം അന്തരിച്ച രാജ്യസഭാ എംപിയും ബിജെപി രാജസ്ഥാന്‍ ഘടകം സംസ്ഥാന അധ്യക്ഷനുമായ മദന്‍ലാല്‍ സൈനിക്ക് ആദരാജ്ഞലി അര്‍പ്പിക്കുന്നു. ആരോഗ്യപ്രശ്നങ്ങളാല്‍ സജീവരാഷ്ട്രീയത്തില്‍  നിന്നും വിട്ടു നില്‍ക്കുന്ന അരുണ്‍ ജയ്റ്റലി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. 

ഈ ലോക്സഭാ തെര‍ഞ്ഞെടുപ്പ് വളരെ നിര്‍ണായകമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയിരിക്കുന്നു. ജനങ്ങളുടെ അഭിലാഷം ഏതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. രാജ്യത്ത് വികസനവും സ്ഥിരതയും കൊണ്ടു വരാന്‍ ഇത് സഹായിക്കും. 

തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചെന്നും ഇന്ത്യയും ജനാധിപത്യവും തോറ്റെന്നും ചില നേതാക്കള്‍ പറഞ്ഞത് കേട്ടപ്പോള്‍ സങ്കടം തോന്നി. ഇത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. ജനങ്ങളുടെ അഭിപ്രായത്തേയും അവകാശത്തേയും അവഹേളിക്കരുത്. 

തങ്ങള്‍ ജയിച്ചില്ലെങ്കില്‍ ഇന്ത്യയും ജയിക്കില്ലെന്നാണോ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സുഹൃത്തുകള്‍ ധരിച്ചു വച്ചിരിക്കുന്നത്. ഇന്ത്യയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഒന്നാണോ? അല്ല... രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തേയും ജനാധിപത്യത്തേയും ബഹുമാനിക്കുക എന്നത് പ്രധാനമാണ്. 

വയനാട്ടില്‍ തോറ്റത് ഇന്ത്യയാണോ, റായ്ബറേലിയില്‍ തോറ്റത് ഇന്ത്യയാണോ, തിരുവനന്തപുരത്ത് തോറ്റത് ഇന്ത്യയാണോ,അമേത്തിയില്‍ എന്താണുണ്ടായത്. എന്ത് തരം വാദമാണിത്. കോണ്‍ഗ്രസ് എവിടെയെങ്കിലും തോറ്റാല്‍ അതിന് അര്‍ത്ഥം ഇന്ത്യയും തോറ്റെന്നാണോ. അഹങ്കാരത്തിന് ഒരു അതിരില്ലേ. രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ ഒരൊറ്റ സീറ്റു പോലും ജയിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. 

ചർച്ചകൾ നടത്തി ഓരോ വിഷയത്തിലും തീരുമാനം എടുക്കണം. എന്നാല്‍ ചര്‍ച്ചകള്‍ക്ക് മുന്‍പേ തന്നെ വാതിലടക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്. ഇത് അവസാനിപ്പിക്കണം. എല്ലാത്തിനെയും എതിർക്കുക... അതാണ് ഇന്നത്തെ ശാപം. പ്രതിപക്ഷത്തിന്റെ ഈ സമീപനം മാറണം. തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾ ഓരോ കാലത്ത് നടപ്പാക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണ്. 

വോട്ട് ചെയ്ത ജനങ്ങളെ അപമാനിക്കുകയാണ് കോൺഗ്രസ്. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. വോട്ടിംഗ് യന്ത്രത്തെ പഴിക്കുന്നത് ഒരു രോദനം മാത്രമാണ്. തങ്ങള്‍ക്ക് പറ്റിയ തെറ്റുകൾ തിരിച്ചറിയാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. 

വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള പരാതി അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എല്ലാ പാര്‍ട്ടികളേയും ക്ഷണിച്ചു. എന്നാല്‍ അവിടേക്ക് ചെന്നത് രണ്ടേ രണ്ടു പാര്‍ട്ടികളാണ്. എന്‍സിപിയും സിപിഐയും. അവരെ ഞാന്‍ അഭിനന്ദിക്കുന്നു.  ബാക്കിയുള്ളവര്‍ ആരോപണങ്ങള്‍ ഉന്നയിച്ച് മാറി നില്‍ക്കുക എന്നല്ലാതെ പ്രശ്നം എന്താണെന്ന് പോലും മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്. 

പഴയ ബാലറ്റ് സംവിധാനത്തിലേക്ക് തിരിച്ചുപോകണമെന്നാണ് കോൺഗ്രസിന്‍റെ ഇപ്പോഴത്തെ ആവശ്യം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കൊണ്ടു വന്നത് തങ്ങളാണെന്ന് വീമ്പിളക്കിയവരാണ് ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നത്. 113 നിയമസഭകളേയും 4 ലോക്സഭകളേയും തെരഞ്ഞെടുത്തത് വോട്ടിംഗ് യന്ത്രം വഴിയാണ് എന്നോര്‍ക്കണം. പരാജയം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. ഞങ്ങള്‍ പരാജയം അംഗീകരിച്ചും തെറ്റുകള്‍ തിരുത്തിയും മുന്നോട്ട് പോകുന്നവരാണ്. 

പ്രതിപക്ഷത്തിന് വേണ്ടത് പഴയ ഇന്ത്യയെയാണ്.  ഗ്യാസ് കണക്ഷനായി എംപിമാരുടെ വീടുകളിൽ വരിനിൽക്കുന്ന പഴയ ഇന്ത്യയാണ് കോൺഗ്രസിന് വേണ്ടത്. എന്നാല്‍ രാജ്യത്തെ ജനങ്ങൾ ആവശ്യപ്പെടുന്നത് പുതിയ ഇന്ത്യയെയാണ്. മാധ്യമങ്ങളെ വിലക്ക് വാങ്ങിയെന്ന കോൺഗ്രസ് ആരോപണം വിലകുറഞ്ഞതാണ്. മാധ്യമങ്ങളെ കോണ്‍ഗ്രസ് അപമാനിച്ചു. 

ബീഹാറിലെ കുട്ടികളുടെ മരണം വലിയ ദുഖമുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാരിതിരിക്കാന്‍ നടപടിയെടുക്കും. ബീഹാറിലെ നിലവിലെ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. രാജ്യത്തിന്‍റെ പുരോഗതിക്കായി സഭയിൽ എല്ലാവരും ഒന്നിച്ച് നിൽക്കണം. രാജ്യത്തിന്‍റെ പ്രതീക്ഷകൾ തകർക്കാൻ ആരും ശ്രമിക്കരുത്. 2024 ലെ തെരഞ്ഞെടുപ്പിനായി ഇപ്പോള്‍ തന്നെ ഒരുങ്ങണം. 

പൗരത്വ രജിസ്റ്ററിന്‍റെ ക്രെഡിറ്റ് കോണ്‍ഗ്രസിന് കൂടി അവകാശപ്പെട്ടതാണ്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് ഈ ആശയം ആദ്യം അംഗീകരിച്ചത്. പൗരത്വ രജിസ്റ്റര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകും. ഇതില്‍ യാതൊരു തരത്തിലുള്ള രാഷ്ട്രീയ താത്പര്യവുമില്ല. 

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ടക്കൊലയെ കുറിച്ചുള്ള വാര്‍ത്ത എന്നെ വേദനിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കും. ആൾകൂട്ട അക്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല.  ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ അതിയായ ദുഖമുണ്ട്. ഇത്തരം സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കരുത്. എല്ലാ പൗരന്‍മാരേയും സംരക്ഷിക്കാന്‍ നമ്മുക്കെല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. 

എന്നാല്‍ ഈ ആക്രമണത്തിന്‍റെ പേരില്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ഒന്നാകെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതിനോട് വിയോജിപ്പുണ്ട്.  ആള്‍ക്കൂട്ടക്കൊലയുടെ കേന്ദ്രമാണ് ജാര്‍ഖണ്ഡെന്ന് ചിലര്‍ രാജ്യസഭയില്‍ പറഞ്ഞു. ജാര്‍ഖണ്ഡ് സംസ്ഥാനത്തെ അവഹേളിക്കാന്‍ നമ്മുക്ക് ആര്‍ക്കും അവകാശമില്ല. രാഷ്ട്രീയ കണ്ണടയിലൂടെ കാര്യങ്ങള്‍ നോക്കി കാണുന്ന രീതി മാറിയാല്‍ നമ്മുക്ക് മുന്നിലുള്ള തെളിഞ്ഞ ഭാവി കാണാം. 

തീവ്രവാദത്തിന് ഒരു മുഖമേയുള്ളൂ. അത് ബംഗാളിലായാലും കേരളത്തിലായാലും എവിടെയായാലും മാറില്ല. കോണ്‍ഗ്രസ് സര്‍ക്കാരാണ് ആധാര്‍ പദ്ധതി കൊണ്ടു വന്നത് എന്നാല്‍ ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുന്നു. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് തന്‍റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. 

ജലക്ഷാമം നേരിടുന്ന 226 ജില്ലകള്‍ രാജ്യത്തുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ എല്ലാവരുടേയും പിന്തുണ ആവശ്യമുണ്ട്. എംപി ഫണ്ട് വഴിയുള്ള പദ്ധതികളില്‍ കുടിവെള്ള-ജലസേചന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ കശ്മീര്‍ പ്രശ്നം അന്നേ പരിഹരിക്കപ്പെട്ടേനെ എന്ന് ഞാന്‍ വിശ്വസിക്കുന്നു. സര്‍ദാര്‍ പട്ടേല്‍ കോണ്‍ഗ്രസുകാരനായി ജീവിച്ച് മരിച്ചയാളാണ് എന്നാല്‍ അദ്ദേഹത്തെ പോലും മറന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.