പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളോട് കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം പാലിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ധന ഉപഭോഗം, അനാവശ്യ യാത്രകൾ, സ്വർണം വാങ്ങൽ എന്നിവ കുറയ്ക്കാനും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു

ദില്ലി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വം മുൻനിർത്തി ജനങ്ങൾ കർശന സ്വയം നിയന്ത്രണം പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. കൊവിഡ് കാലത്തിന് സമാനമായ ജാഗ്രത ഇക്കാലയളവിൽ ആവശ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമായും ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗത്തിൽ പരമാവധി നിയന്ത്രണം ഏർപ്പെടുത്തണം. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി മെട്രോ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും കാർപൂളിംഗ് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം രീതി പരമാവധി പ്രോത്സാഹിപ്പിക്കണം. ഭക്ഷ്യ എണ്ണയുടെ ഉപയോഗത്തിൽ പത്തു ശതമാനം കുറവ് വരുത്തണമെന്നും രാജ്യം ഇന്ധന ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്നും മോദി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഒരു വർഷം കുടുംബങ്ങളിലെ ചടങ്ങുകൾക്ക് സ്വർണ്ണം വാങ്ങാതെ ജനങ്ങൾ സഹകരിക്കണം എന്നും പ്രധാനമന്ത്രി വിശദീകരിച്ചു. സ്വർണ്ണ ഇറക്കുമതി വർധിക്കുന്നത് വിദേശനാണ്യ ശേഖരം ഇടിയാൻ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് സ്വർണം വാങ്ങലിലും സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ അഭ്യർഥിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

പശ്ചിമേഷ്യൻ യുദ്ധത്തിൽ ആശങ്ക ഒഴിയുന്നില്ല

അതേസമയം ഇറാൻ - അമേരിക്ക ചർച്ചകൾക്കുള്ള പുതിയ നിലപാട് ഇറാൻ അമേരിക്കയെ അറിയിച്ചെങ്കിലും ആശങ്കകൾ ശക്തമാണ്. മധ്യസ്ഥരായ പാക്കിസ്ഥാൻ വഴിയാണ് രേഖ കൈമാറിയത്. സംഘർഷങ്ങൾക്കിടയിലും നയതന്ത്ര വഴികൾ അടഞ്ഞിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്. നേരത്തെ പല തവണ അമേരിക്ക തള്ളിയതാണ് ഇറാൻ നിർദേശങ്ങൾ. ആണവ വിഷയം ആദ്യഘട്ടത്തിൽ തന്നെ ചർച്ച ചെയ്യാൻ ഇറാൻ തയാറാവുമോ എന്നതാണ് പുതിയ നിലപാടിൽ ഏറ്റവും പ്രധാന കാര്യം. ആദ്യം യുദ്ധം നിർത്തൽ, പിന്നെ ഹോർമൂസ് തുറക്കൽ, ഉപരോധങ്ങൾ നീക്കിയ ശേഷം പിന്നീട് ആണവ ചർച്ചയെന്നായിരുന്നു ഇറാൻ നേരത്തെ നൽകിയ നിലപാട്. കീഴടങ്ങലോ വിട്ടുവീഴ്ച്ചയോ ഉണ്ടാവില്ലെന്ന് ഇന്നും ഇറാൻ പ്രസിഡണ്ട് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിർദ്ദേശങ്ങളോട് അമേരിക്ക എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം