രാഹുൽ ​​ഗാന്ധിയെ ഉന്നമിട്ട് പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപായി നടത്തിയ പ്രസം​ഗത്തിലായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പരാമർശം.

ന്യൂഡൽഹി: രാഹുൽ ​​ഗാന്ധിയെ ഉന്നമിട്ട് പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപായി നടത്തിയ പ്രസം​ഗത്തിലായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞദിവസം രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 ന്റെ വിക്ഷേപണം വിജയകരമായതിൽ സ്വകാര്യ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിനെ അഭിനന്ദിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി രാഹുൽ ​​ഗാന്ധിയെ ലക്ഷ്യമിട്ടുള്ള പരാമർശവും നടത്തിയത്. 'ഇന്ത്യയിലെ യുവത്വം ബഹിരാകാശത്തേക്കുള്ള പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. സ്കൈറൂട്ട് സ്റ്റാർട്ടപ്പ് ടീമിലെ അം​ഗങ്ങളുടെ ശരാശരി പ്രായം 28 ആണെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള യുവാക്കളാണ് ഈ നേട്ടം കൈവരിച്ചത്. ഞാൻ സംസാരിക്കുന്നത് 56 വയസ്സുള്ള യുവാവിനെക്കുറിച്ചല്ല', മോദി പറഞ്ഞു.

പ്രസം​ഗത്തിൽ മോദി പ്രത്യേകം പരാമർശിച്ച 56 വയസ്സ് പ്രയോ​ഗം രാഹുൽ ​ഗാന്ധിയെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തൽ. നിലവിൽ ​രാഹുൽ ​ഗാന്ധിക്ക് 56 വയസ്സാണുള്ളത്. 56 വയസ്സുള്ള രാഹുൽ ​ഗാന്ധിയെ കോൺ​ഗ്രസിന്റെ യുവനേതാവെന്ന് വിശേഷിപ്പിക്കുന്നതിനെ ബിജെപി നേരത്തെ തന്നെ പരിഹസിക്കാറുണ്ട്. ഇതിനിടെയാണ് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശവും ചർച്ചയാകുന്നത്.